ബെംഗലൂരു: ഐപിഎല്‍ ലേലത്തിന് മുമ്പ് കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോള്‍ ബൗളിംഗില്‍ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ലേലത്തിന് മുമ്പ് ഒഴിവാക്കിയ താരങ്ങളില്‍ മൂന്ന് വമ്പന്‍ സ്രാവുകളെയാണ് ആര്‍സിബി ഒറ്റയടിക്ക് കൈവിട്ടത്.
ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്, ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക, ഇന്ത്യന്‍ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയാണ് ആര്‍സിബി ലേലത്തിന് മുന്നോടിയായി കൈവിട്ടത്. ഇതില്‍ ഹസരങ്കയെ 10.75 കോടി രൂപയും ഹര്‍ഷല്‍ പട്ടേലിനെ 10.75 കോടി രൂപയും മുടക്കിയായിരുന്നു ആര്‍സിബി ടീമിലെത്തിച്ചത്. ഹേസല്വുഡാകട്ടെ കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ആര്‍സിബി കുപ്പായത്തില്‍ കളിച്ചത്. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഹസരങ്ക ലോകകപ്പില്‍ ശ്രീലങ്കക്കായി കളിച്ചിരുന്നില്ല. ഹര്‍ഷല്‍ പട്ടേലാകട്ടെ കഴിഞ്ഞ രണ്ട് സീസണുകളിലായി മോശം ഫോമിലുമാണ്. ഇതാണ് ബൗളിംഗ് നിരയില്‍ അഴിച്ചുപണിക്ക് ആര്‍സിബിയെ പ്രേരിപ്പിച്ചത്.
ബൗളിംഗ് നിരയില്‍ മൂന്ന് വമ്പന്‍ താരങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കിയതിലൂടെ അടുത്ത സീസണില്‍ ആര്‍സിബി ബൗളിംഗ് നിര അടിമുടി മാറുമെന്നും ഉറപ്പായി. ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് മാത്രമാണ് ആര്‍സിബി ബൗളിംഗ് നിരയിൽ നിലവിലുള്ള പരിചയസമ്പന്നനായ താരം. ബാറ്റിംഗില്‍ ക്ലിക്കാകുമ്പോഴും മോശം ബൗളിംഗായിരുന്നു ഐപിഎല്ലില്‍ ആര്‍സിബിയെ എക്കാലവും ചതിച്ചിരുന്നത്. ബാംഗ്ലൂരിലെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെറിയ ബൗണ്ടറികള്‍ ഏത് വലിയ സ്കോറും സുരക്ഷിതമല്ലാതാക്കുന്നതും ആര്‍സിബിയുടെ ദുര്‍ബല ബൗളിംഗ് നിരയും അവര്‍ക്ക് ഓരോ സീസണിലും തിരിച്ചടിയായിരുന്നു.
ഇത്തവണ ലേലത്തിന് മുമ്പുള്ള താരകൈമാറ്റത്തിലൂടെ കാമറൂണ്‍ ഗ്രീനിനെ ടീമിലെത്തിക്കാനായത് ആര്‍സിബിക്ക് നേട്ടമാണെന്നാണ് വിലയിരുത്തല്‍. മാക്സ്വെല്ലിനൊപ്പം ഗ്രീന്‍ കൂടി എത്തുന്നതോടെ ബാറ്റിംഗ് നിരക്ക് ശക്തികൂടും. ഓപ്പണറായും കളിപ്പിക്കാവുന്ന ഗ്രീനിന്റെ മീഡിയം പേസ് ആര്‍സിബി ബൗളിംഗിന് വൈവിധ്യമേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]