കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവര്‍ പാരിപ്പള്ളിക്ക് സമീപത്തെ എല്‍പിഎസ് ജംഗ്ഷനിലെ കടയിലെത്തിയത് ഏഴരയോടെയാണെന്ന് കടയുടമ. ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് പ്രതികള്‍ ആറുവയസുകാരിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കടയിലെത്തിയ പുരുഷനെയും സ്ത്രീയെയും കണ്ടാൽ തിരിച്ചറിയുമെന്നും കടയുടമ പറഞ്ഞു.
കടയുടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്: ”ഏഴര മണിയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന് ബിസ്ക്കറ്റ്, റെസ്ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന് മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമനെ കണ്ടിട്ടില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയും.”
അതേസമയം, ഓട്ടോയില്‍ മൂന്നു പേരുണ്ടായിരുന്നെന്ന് പ്രദേശത്തുണ്ടായിരുന്ന സതീശന് എന്നയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘സ്തീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷന് ബ്രാണ് ഷര്‍ട്ടും കാക്കി പാന്റുമായിരുന്നു. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാള്‍ കമിഴ്ന്നിരിക്കുകയായിരുന്നു. ഏകദേശം പത്തുമിനിറ്റോളം ഓട്ടോ സ്ഥലത്തുണ്ടായിരുന്നു.’ സമീപപ്രദേശത്തുള്ള ഓട്ടോയല്ലായിരുന്നു അതെന്ന് സതീശന് പറഞ്ഞു.
സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പെൺകുട്ടിയെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കുക: 9946 9232 82, 9495 57 89 99 .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]