തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താന്‍ രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചില്‍ നടത്തണം. വിവരം ലഭിച്ചാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്.
സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടത്. ‘തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവര്‍ത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അബിഗേല്‍ സാറ മോളെ കണ്ടെത്തുവാനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരവരുടെ പ്രദേശങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍, വിജനമായ പ്രദേശങ്ങള്‍, വഴികള്‍, സംശയാസ്പദമായ വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി പൊലീസിനെ വിവരം അറിയിക്കണ’മെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടത്.
അതേസമയം, ആറു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കാറിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് ഒരാള്‍ നോക്കി നില്ക്കുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ കാണാം. പ്രദേശവാസിയെന്ന് സംശയിക്കപ്പെടുന്ന ഏകദേശം 50 വയസ് പ്രായമുള്ള ഒരു വ്യക്തിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍.
സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. വണ്ടി നമ്പര്‍ പരിശോധിക്കുന്നുണ്ട്. നിലവിലെ വിവരങ്ങള്‍ പ്രകാരം സ്വിഫ്റ്റ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; നോക്കി നിന്ന് ഒരാള്‍, വീഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]