മലപ്പുറം: നവ കേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിൽ താൻ പങ്കെടുത്തത് വികസന നിർദ്ദേശങ്ങൾ നൽകാനാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ. സംഭവം രാഷ്ട്രീയ വിവാദത്തിന് വഴിതുറന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. ജനാധിപത്യ രീതിയിൽ നടക്കുന്ന നവ കേരള സദസ്സ് പോലുള്ള പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഇത്തരം കാര്യങ്ങളിൽ സഹകരിക്കാവുന്നതാണ്. മുസ്ലിം ലീഗ് നേതാക്കൾ ഇങ്ങനെ മുമ്പ് ചെയ്തിട്ടുണ്ടെന്നും ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട് നവകേരള സദസ്സിലെത്തിയ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ നേതൃത്വം നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് മലപ്പുറം ജില്ലയിലും യൂ ഡി എഫ് നേതാക്കളുടെ പങ്കാളിത്തമുണ്ടായത്. തിരൂരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രഭാത യോഗത്തിലാണ് പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് സഖാഫ് തങ്ങൾ എത്തിയത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കക്ഷി രാഷ്ട്രീയം നോക്കേണ്ടന്നായിരുന്നു ഹസീബ് തങ്ങളുടെ പ്രതികരണം.
താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ പി പി ഇബ്രാഹിമും യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് നേതാവ് സി മൊയ്തീനും യോഗത്തിനെത്തി. ഇവരെല്ലാം പങ്കെടുത്തത് നാടിന്റെ പൊതു വികാരം മനസിലാക്കിയാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. നവകേരള സദസ്സിൽ പങ്കെടുക്കരുത് എന്നത് രാഷ്ട്രീയ തീരുമാനം ആണെന്നും അത് ലംഘിച്ചാൽ നടപടി എടുക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്. മുസ്ലിം ലീഗ് ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽ പാണക്കാട് കുടുംബാംഗം തന്നെ നവകേരള സദസ്സിന്റെ വേദിയിൽ എത്തിയത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
Last Updated Nov 27, 2023, 1:04 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]