സിയോള്‍: അതിക്രൂരവും അതിവിചിത്രവുമായ കൊലപാതക കേസിലെ പ്രതിയായ 23കാരിക്ക് ജീവപര്യന്തം തടവുശിക്ഷ. 26 വയസ്സുള്ള അധ്യാപികയെയാണ് യുവതി കൊലപ്പെടുത്തിയത്. അധ്യാപികയോട് ഒരു വൈരാഗ്യവുമില്ലായിരുന്നുവെന്നും ‘കൗതുകത്തിന്റെ പുറത്ത്’ ആണ് കൊലപാതകം നടത്തിയതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. ദക്ഷിണ കൊറിയയിലാണ് സംഭവം നടന്നത്.
ജങ് യു ജങ് എന്ന 23കാരിയാണ് ഈ കേസിലെ പ്രതി. ക്രൈം ഷോകള്‍ കാണാനും ക്രൈം നോവലുകള്‍ വായിക്കാനും ഏറെ ഇഷ്ടമായിരുന്നു യുവതിക്ക്. കൊലപാതകം ചെയ്യാന്‍ തീരുമാനിച്ച ശേഷം, അന്‍പതോളം പേരെ യുവതി സമീപിച്ചു. തനിക്ക് ഹൈസ്കൂളില്‍ പഠിക്കുന്ന മകളുണ്ടെന്നും ട്യൂഷനെടുക്കാമോയെന്നും ആണ് എല്ലാവരോടും ചോദിച്ചത്. ബുസാന്‍ സ്വദേശിനിയായ 26 വയസ്സുകാരി സമ്മതിച്ചു. പിന്നാലെ ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ യൂണിഫോം ധരിച്ച് കുട്ടിയെപ്പോലെ അധ്യാപികയുടെ വീട്ടിലെത്തി. ശേഷം അതിക്രൂരമായി കുത്തിക്കൊല്ലുകയായിരുന്നു. 100ലേറെ തവണ കുത്തിയെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്.
മൃതദേഹം ഒരു സ്യൂട്ട് കേസിലേക്ക് മാറ്റിയ ശേഷം ടാക്സി പിടിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഇടാനായിരുന്നു പദ്ധതി. ടാക്സി ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ ജൂണിൽ യുവതി കുറ്റം സമ്മതിച്ചു. കൊലപാതകം നടത്തിയ സമയത്ത് താന്‍ മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് പറഞ്ഞ് ശിക്ഷയില്‍ ഇളവ് നേടാന്‍ യുവതി ക്ഷണിച്ചു. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണിതെന്നും യുവതിയുട വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എങ്ങനെ കൊലപാതകം ചെയ്യാം, എങ്ങനെ മൃതദേഹം സംസ്കരിക്കാം എന്നെല്ലാം യുവതി ഓണ്‍ലൈനില്‍ തിരഞ്ഞതിന്റെ രേഖകളും പൊലീസ് ഹാജരാക്കി.
ജങിന് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. പക്ഷെ ജീവപര്യന്തമാണ് കോടതി വിധിച്ചത്. ദക്ഷിണ കൊറിയയിൽ വധശിക്ഷ നിലവിലുണ്ട്. പക്ഷെ 1997 ന് ശേഷം ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Last Updated Nov 27, 2023, 4:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]