കെ.എസ്.ആർ.ടി.സിയുടെ സ്റ്റുഡൻ്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി; 39,000ത്തോളം വിദ്യാർത്ഥികൾക്ക് ഇതുവരെ വിതരണം ചെയ്തു തിരുവനന്തപുരം: ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി നടപ്പിലാക്കിയ ഏറ്റവും സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണ് സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും വിദ്യാർത്ഥി യാത്ര സൗകര്യം കൂടുതൽ സുതാര്യമാക്കുന്നതിലേക്കുമായി വിദ്യാർത്ഥി കൺസഷനായി ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുകയും ഇത് വൻ വിജയകരമാകുകയും ചെയ്തിരുന്നു.
തുടർന്ന് ആർഎഫ്ഐഡി കോൺടാക്റ്റ്ലസ് സ്മാർട്ട് കാർഡ് സംവിധാനവും നടപ്പിലാക്കുകയുമായിരുന്നു. ഈ സംവിധാനത്തിലൂടെ ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ (ഇടിഐഎം) ടാപ്പ് ചെയ്ത് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം.
2025 ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് കൈമാറി ആർഎഫ്ഐഡി കാർഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ സ്റ്റുഡൻസ് ആർഎഫ്ഐഡി കാർഡ് ലഭിച്ചു കഴിഞ്ഞാൽ മുൻപ് ഉപയോഗിച്ചിരുന്ന കൺസഷൻ കാർഡ് പോലെ ഓരോ വർഷവും യാതൊരു തരത്തിലുള്ള സങ്കീർണതകളും ഇല്ലാതെ എളുപ്പത്തിൽ വാലിഡേറ്റ് ചെയ്യാം എന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറെ സൗകര്യപ്രദമാണ്.
ഒരു മാസം 25 ദിവസത്തെ യാത്രകളാണ് കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ 1,20,030 വിദ്യാർത്ഥികൾക്ക് കൺസഷന് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഇതിൽ 38,863 വിദ്യാർത്ഥികൾക്ക് ആർഎഫ്ഐഡി കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്ക് ആയി ഉണ്ട്.
ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും കോൺടാക്റ്റ്ലസ് സ്മാർട്ട് കാർഡുകൾ ലഭ്യമാകും. കെഎസ്ആർടിസി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയ നിരവധി പുരോഗമന പരിഷ്കാരങ്ങളിൽ ഏറ്റവും വിജയകരമായ ഒന്നാണ് ഓൺലൈൻ സ്റ്റുഡൻസ് കൺസഷൻ സംവിധാനം.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്രയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സിക്കും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനവും ലഭ്യമാക്കുവാൻ കഴിയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

