ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട
മാസപ്പടി കേസിൽ ഡൽഹി ഹൈക്കോടതിയിൽ ഇന്ന് വാദം കേൾക്കൽ നടന്നില്ല. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനു (എസ്എഫ്ഐഒ) വേണ്ടി അഭിഭാഷകർ ഹാജരാകാതിരുന്നതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്.
കേസ് എസ്എഫ്ഐഒ പരിഗണിക്കേണ്ട അത്ര ഗൗരവമുള്ളതല്ലെന്ന് സിഎംആർഎല്ലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ നിലപാടെടുത്തു.
അതേസമയം, ആർഒസി അന്വേഷണ റിപ്പോർട്ട് തേടിയുള്ള സിഎംആർഎല്ലിന്റെ അപേക്ഷയിൽ കോടതി അന്വേഷണ ഏജൻസിക്ക് വീണ്ടും നോട്ടീസ് അയച്ചു. എഎസ്ജി മുഖേന നോട്ടീസ് നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസ് അടുത്ത വർഷം ജനുവരി 13-ന് വീണ്ടും പരിഗണിക്കും. കേസിൽ ഇന്ന് മുതൽ അന്തിമവാദം ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷ.
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റോസ്റ്റർ മാറിയതിനെ തുടർന്നാണ് കേസ് പുതിയ ബെഞ്ചിന് മുന്നിലെത്തിയത്.
നേരത്തെ ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചായിരുന്നു ഹർജികൾ പരിഗണിച്ചിരുന്നത്. അതേസമയം, സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി വിശദമായി വാദം കേൾക്കാനായി മാറ്റി.
ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അടുത്ത മാസം മൂന്നാം തീയതി ഹർജി പരിഗണിക്കും.
ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി, സിഎംആർഎൽ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഹർജിയിലെ എതിർകക്ഷികൾ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

