കണ്ണൂർ : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിച്ച് വരുന്ന പ്രതികൾ ജയിലിനുള്ളിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്നതായി ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. കേസിലെ പ്രധാനികളായ കൊടി സുനി, കിർമാണി മനോജ് എന്നിവർ ലഹരി വിൽപ്പന ശൃംഖലയുടെ ഭാഗമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജയിലിനകത്ത് ലഹരി ഉപയോഗിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇവർ നേതൃത്വം നൽകുന്നുവെന്നാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ്കേരള.നെറ്റിന് ലഭിച്ചു.
കൊടി സുനി ജയിലിൽ സ്ഥിരമായി അച്ചടക്കലംഘനങ്ങൾ നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. ജയിലിലെ നിയമലംഘനങ്ങളെക്കുറിച്ചുള്ള ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റിയത്.
അതേസമയം, ടി.പി വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ജയിൽ വകുപ്പ് നടത്തുന്ന അസാധാരണ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. പ്രതികളെ ‘വിടുതൽ’ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളുണ്ടോ എന്ന് ആരാഞ്ഞുകൊണ്ട് ജയിൽ ആസ്ഥാനത്തുനിന്ന് സൂപ്രണ്ടുമാർക്ക് അയച്ച കത്താണ് വിവാദമായത്.
പ്രതികളെ സ്ഥിരമായി വിട്ടയക്കുന്നതിനെക്കുറിച്ചാണോ പരോളിനെക്കുറിച്ചാണോ കത്തിൽ പരാമർശിക്കുന്നതെന്ന് വ്യക്തമല്ല. ‘വിടുതൽ’ എന്ന വാക്കാണ് കത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
പ്രതികൾക്ക് 20 വർഷത്തേക്ക് ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. വിവരം പുറത്തുവന്നതോടെ ഇത് പ്രതികളെ വിട്ടയക്കാനുള്ള നീക്കമല്ലെന്ന വിശദീകരണവുമായി എ.ഡി.ജി.പി ബൽറാംകുമാർ ഉപാധ്യായ രംഗത്തെത്തി.
ടി.പി വധക്കേസിലെ മുഖ്യപ്രതിയായ കൊടി സുനി ഉൾപ്പെടെയുള്ളവർ പ്രതികളായ മാഹി ഇരട്ടക്കൊലക്കേസിൽ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ വിലയിരുത്തുന്നതിനാണ് കത്തയച്ചതെന്നാണ് എ.ഡി.ജി.പി നൽകുന്ന വിശദീകരണം.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

