തിരുവനന്തപുരം: നിരവധി പുതിയ ഐഫോൺ മോഡലുകൾ അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ പണിപ്പുരയിൽ ഒരുങ്ങുന്നുണ്ടെന്ന് റിപ്പോർട്ട്. അതിൽ ഒന്നിലധികം മടക്കാവുന്ന ഐഫോണുകളും ബെസൽ-ഫ്രീ ഐഫോണും ഉൾപ്പെടുന്നു.
2026-ൽ ബുക്ക്-സ്റ്റൈൽ ഡിസൈൻ ഉള്ള ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി സീനെറ്റിനെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്സ് റിപ്പോർട്ട് ചെയ്യുന്നു. പിന്നാലെ, ഐഫോണിന്റെ 20-ാം വാർഷികത്തിൽ “ബെസൽ-ഫ്രീ” മോഡലും അതിനുശേഷം ഒരു ഫ്ലിപ്പ്-സ്റ്റൈൽ ഫോൾഡബിൾ ഐഫോണും പുറത്തിറക്കുമെന്നാണ് സൂചന.
ഒപ്പം സ്റ്റാൻഡേർഡ്, പ്രോ വേരിയന്റുകൾ തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിനായി, കൂടുതൽ റാമുമായി അടിസ്ഥാന ഐഫോൺ മോഡലുകളെ ആപ്പിൾ അപ്ഗ്രേഡ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ മോഡലുകളെക്കുറിച്ച് വിശദമായി അറിയാം.
വരുന്നു ഫോൾഡബിൾ ഐഫോൺ സാംസങിന്റെ ഗാലക്സി സ്സെഡ് ഫോൾഡ് ലൈനപ്പിന് സമാനമായി, തിരശ്ചീനമായി മടക്കാവുന്ന ഒരു ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഐഫോൺ ആപ്പിൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് സീനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. 2026-ൽ ഈ മോഡൽ പുറത്തിറങ്ങും.
7.8 ഇഞ്ച് പ്രൈമറി ഡിസ്പ്ലേ, ഡ്യുവൽ റിയർ ക്യാമറകൾ, ടച്ച് ഐഡി എന്നിവ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ നേരത്തെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
മടക്കാവുന്ന ഐഫോൺ വശങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന രണ്ട് ഐഫോൺ എയർ യൂണിറ്റുകൾ പോലെയാകാമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. പുറംസ്ക്രീനിന് ഏകദേശം 5.5 ഇഞ്ച് വലിപ്പമുണ്ടാകും, 2088×1422 റെസല്യൂഷനും, അകത്തെ മടക്കാവുന്ന ഡിസ്പ്ലേയ്ക്ക് 2713×1920 റെസല്യൂഷനും ലഭിക്കും.
ഈ ഡിവൈസിൽ നാല് ക്യാമറകൾ ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്. അതായത് ഓരോ ഡിസ്പ്ലേയ്ക്കും ഒന്ന് എന്ന വിധത്തിൽ മുൻവശത്ത് രണ്ടെണ്ണവും അൾട്രാ-വൈഡ് അല്ലെങ്കിൽ ടെലിഫോട്ടോ ലെൻസുമായി ജോടിയാക്കിയ 48 മെഗാപിക്സല്‍ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ സജ്ജീകരണവും.
ഫോൾഡബിൾ ഐഫോണിന് മടക്കിയാൽ 9 എംഎം മുതൽ 9.5 എംഎം വരെ കട്ടിയും, നിവർത്തിയാൽ ഏകദേശം 4.5 എംഎം മുതൽ 4.8 എംഎം വരെ കട്ടിയും ഉണ്ടാകുമെന്ന് വിശകലന വിദഗ്ധരായ മിംഗ്-ചി കുവോയും ജെഫ് പുവും പറയുന്നു. ഫോൾഡബിൾ ഡിസ്പ്ലേയിലെ ക്രീസ് വിസിബിലിറ്റി കുറയ്ക്കുന്നതിനും, ഫോം ഫാക്ടറിനായി കസ്റ്റമൈസ്ഡ് സോഫ്റ്റ്വെയർ രൂപകൽപ്പന ചെയ്യുന്നതിനും ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് സ്പൈഗ്ലാസ് അനലിസ്റ്റ് എംജി സീഗ്ലറെ ഉദ്ധരിച്ച് സിഎൻഇടി റിപ്പോർട്ട് ചെയ്തു.
ബെസൽ ഇല്ലാത്ത ഐഫോൺ ആപ്പിളിന്റെ ആദ്യത്തെ പൂർണ്ണമായും ബെസൽ രഹിത ഐഫോൺ 2027-ൽ ഐഫോണിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഫോണിന്റെ നാല് അരികുകളിലും കർവ്വ്ഡ് ഒഎൽഇഡി സ്ക്രീനുള്ള ‘ഫ്ലാറ്റ് കാൻഡി ബാർ’ ശൈലിയിലുള്ള ഉപകരണം എന്നാണ് സിഎൻഇടി റിപ്പോർട്ട് ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്.
ആപ്പിളിന്റെ ഡിസ്പ്ലേ വിതരണക്കാരായ സാംസങ് ഡിസ്പ്ലേ 2023-ൽ അത്തരമൊരു ഡിസ്പ്ലേ പാനലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ട് പറയുന്നു. ഫ്ലിപ്പ്-സ്റ്റൈൽ ഐഫോൺ 2028 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ലംബമായി മടക്കാവുന്ന ക്ലാംഷെൽ ഐഫോണിലും ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
ഈ ഫ്ലിപ്പ്-സ്റ്റൈൽ ഐഫോണിൽ അറിയിപ്പുകൾ, എഐ പവർ ചെയ്ത ഷോർട്ട്കട്ടുകൾ, മറ്റ് കാണാൻ കഴിയുന്ന ഉള്ളടക്കങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ കഴിയുന്ന ഒരു കവർ സ്ക്രീൻ ഉണ്ടായിരിക്കുമെന്ന് സിഎൻഇടി റിപ്പോർട്ട് സൂചിപ്പിക്കുന്നു. സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പിന് സമാനമായ രണ്ട് വീതിയിൽ മടക്കാവുന്ന ഐഫോണുകളുടെ പ്രോട്ടോടൈപ്പ് ആപ്പിൾ നിർമ്മിച്ചതായി 2024-ൽ ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തിരുന്നു.
2025 അവസാനത്തോടെ വൻതോതിലുള്ള ഉൽപ്പാദനം സാധ്യമാകുമെന്ന് ആ റിപ്പോർട്ട് സൂചന നൽകിയിരുന്നു, എന്നാൽ സിഎൻഇടിയുടെ ടൈംലൈൻ ഇപ്പോൾ സൂചിപ്പിക്കുന്നത് ആപ്പിൾ ആദ്യം ബുക്ക്-സ്റ്റൈൽ ഫോൾഡബിളിന് മുൻഗണന നൽകും എന്നാണ്. ഐഫോൺ ബേസ് മോഡലില്‍ അപ്ഗ്രേഡുകള്‍ പ്രോ മോഡലുകളിൽ വാഗ്ദാനം ചെയ്യുന്നതുപോലെ, 12 ജിബി റാമുമായി അടിസ്ഥാന ഐഫോൺ മോഡലിനെ അപ്ഗ്രേഡ് ചെയ്യാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ടെന്ന് 9to5Mac-നെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്സ് റിപ്പോർട്ട് ചെയ്യുന്നു.
12 ജിബി, 16 ജിബി കോൺഫിഗറേഷനുകളിൽ മാത്രം ലഭ്യമായ LPDDR5X DRAM മൊഡ്യൂളുകൾക്കായി കമ്പനി വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് സൂചിപ്പിക്കുന്നത് ആപ്പിളിന് അടിസ്ഥാന ഐഫോൺ മോഡലുകളിൽ റാം അപ്ഗ്രേഡ് ചെയ്യാൻ പദ്ധതി ഉണ്ട് എന്നാണ്.
ഇത് എഐ ഫീച്ചറുകളെ മികച്ച രീതിയിൽ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ഐഫോൺ 18 എയർ, ഐഫോൺ 18 പ്രോ, ഐഫോൺ ഫോൾഡ് എന്നിവ ആപ്പിളിന്റെ ഫാൾ 2026 ഇവന്റിൽ അരങ്ങേറ്റം കുറിക്കും, അതേസമയം സ്റ്റാൻഡേർഡ് ഐഫോൺ 18, ഐഫോൺ 18ഇ എന്നിവ 2027-ന്റെ തുടക്കത്തിൽ തന്നെ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

