
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റയാളെ ഉപേക്ഷിച്ച് പോയ കേസിൽ ബൈക്ക് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട സ്വദേശി അതുല്‍ ദേവാണ് പൊലീസ് പിടിയിലായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ് റോഡിനോട് ചേർന്ന വീട്ടില്‍ കിടന്ന് ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. റോഡിൽ കിടന്ന സുരേഷിനെ വീട്ടിലേക്ക് മാറ്റിയത് സുരേഷിന്റെ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്ത് മനുവാണെന്ന് കണ്ടെത്തി.
കഴിഞ്ഞ സെപ്തംബര്‍ ഏഴിന് രാത്രി 11 മണിക്കാണ് സംഭവം. വെള്ളറടയിലെ ഒറ്റമുറി വീടിനോട് ചേർന്ന വഴിയിലിറങ്ങി നിന്ന സുരേഷിനെ ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തി. തുടര്‍ന്ന് രണ്ട് പേർ ചേര്‍ന്ന് സുരേഷിനെ താങ്ങി എടുത്ത് മുറിക്കുള്ളിൽ കിടത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പിന്നീട് വാതിൽ ചാരിയ ശേഷം ബൈക്ക് യാത്രക്കാര്‍ രക്ഷപ്പെട്ടു. നൂറ് മീറ്ററിന് അപ്പുറം ആശുപത്രി ഉണ്ടായിട്ടും കൊണ്ടുപോയില്ല. മൂന്ന് ദിവസം കഴിഞ്ഞ് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചു. നാട്ടുകാർ ജനലിലൂടെ നോക്കുമ്പോഴാണ് ജീർണിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഈ മുറിയിൽ തന്നെ കിടന്ന് സുരേഷ് ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു.
ബൈക്കുകളുടെ നമ്പര്‍ കേന്ദ്രീകരിച്ച് രണ്ട് മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് ബൈക്ക് ഓടിച്ച 22 കാരനായ അതുല്‍ ദേവ് പൊലീസ് പിടിയിലാവുന്നത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത അതുലിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വെള്ളറട സിഐ അറിയിച്ചു. അപകടത്തിന് ശേഷം സുരേഷിനെ മുറിക്കുളളില്‍ എടുത്ത് കിടത്തിയവരില്‍ ഓരാള് സുരേഷിനൊപ്പം വീട്ടിലുണ്ടായിരുന്ന മനുവെന്ന് തിരിച്ചറിഞ്ഞു. രാത്രി ഒപ്പം ഉറങ്ങിയ കുടപ്പനക്കുന്ന് സ്വദേശിയായ മനു പിറ്റേ ദിവസം രാവിലെ ജോലിക്ക് പോയി. മാധ്യമങ്ങളിലൂടെയാണ് സുരേഷ് മരിച്ച വിവരം അറിയുന്നതെന്നാണ് മനുവിന്റെ മൊഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]