.news-body p a {width: auto;float: none;}
സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് വിമാനത്താവളം. പ്രിയപ്പെട്ടവർ വിദേശത്തുനിന്ന് വരുമ്പോൾ സന്തോഷത്തോടെ ഓടിപ്പോയി കെട്ടിപ്പിടിക്കുന്നു. എന്നാൽ ഉറ്റവരെ വിദേശത്തേക്ക് യാത്രയാക്കുന്നവരുടെ അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. ബന്ധുക്കളെയും സുഹൃത്തുക്കളെയും പിരിഞ്ഞുപോകുമ്പോഴുള്ള ദുഃഖം എത്രത്തോളമുണ്ടാകും. കെട്ടിപ്പിടിച്ച് ചുംബനം നൽകി അവരെ പറഞ്ഞുവിടുന്നു.
വിമാനത്താവളത്തിലെ ഇത്തരം സ്നേഹ പ്രകടനങ്ങളിൽ ദിവസങ്ങൾക്ക് മുമ്പാണ് ന്യൂസിലാൻഡ് നിയന്ത്രണം കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. യാത്രയയക്കുമ്പോഴുള്ള കെട്ടിപ്പിടിത്തത്തിന്റെ ദൈർഘ്യം മൂന്ന് മിനിട്ടിൽ കൂടരുതെന്നാണ് അധികൃതരുടെ നിർദേശം.
വിചിത്ര നിർദേശത്തിന് പിന്നിൽ
ന്യൂസിലാന്റിലെ സൗത്ത് ഐലൻഡിലെ ഡുനെഡിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലാണ് ഇത്തരത്തിലൊരു വിചിത്ര ബോർഡ് വച്ചത്. ‘പരമാവധി ആലിംഗനം സമയം മൂന്ന് മിനിറ്റ്’, എന്ന നിർദേശത്തോടൊപ്പം ഇത്തരത്തിലുള്ള കെട്ടിപ്പിടിത്തങ്ങൾക്ക് ദയവായി കാർ പാർക്ക് ഉപയോഗിക്കണമെന്നും പറയുന്നു.
വിമാനത്താവളത്തിന് മുന്നിൽ നിന്നുള്ള ഇത്തരം സ്നേഹ പ്രകടനങ്ങൾ ഗതാഗതക്കുരുക്ക് ഉണ്ടാകാൻ കാരണമാകും. ദീർഘനേരം നീണ്ടുനിൽക്കുന്ന ആലിംഗനം ടെർമിനലിലൂടെ പോകുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അവരുടെ സമയനഷ്ടം കൂടി കണക്കിലെടുത്താണ് അധികൃതർ ഇത്തരത്തിലൊരു വിചിത്ര നിർദേശത്തിലേക്ക് കടന്നത്. ഇത് ലംഘിക്കുന്നവരിൽ നിന്ന് പിഴയടക്കം ഈടാക്കും.
സ്വാഗതവും വിമർശനവും
വിമാനത്താവളത്തിന് മുന്നിലെ ബോർഡ് ‘ദി വ്യൂ ഫ്രം മൈ വിൻഡോ’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.ന്യൂസിലൻഡ് ഇത്തരമൊരു നിയന്ത്രണമേർപ്പെടുത്തിയ വിവരം വളരെപ്പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു.
ചിലർ ഈ നീക്കത്തെ സ്വാഗതം ചെയ്തു. എന്നാൽ മറ്റുചിലരാകട്ടെ രൂക്ഷവിമർശനവുമായിട്ടാണ് രംഗത്തെത്തയത്. ‘വളരെ മികച്ച തീരുമാനമാണ്. എന്റെ വീടിനടുത്തുള്ളതാണ് ഈ വിമാനത്താവളം. അവിടെ വണ്ടി നിർത്താൻ കഴിയില്ല. ഡ്രോപ്പ്ഓഫ് സോണിൽവച്ച് ആളെ ഇറക്കി സ്നേഹപ്രകടനം നടത്തിയാൽ പിഴ ഈടാക്കും.’- എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
മറ്റൊരാൾ വളരെ രസകരമായിട്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘എനിക്ക് ഇപ്പോൾ എയർപോർട്ട് ജീവനക്കാരനെ കാണാം… സമയം രണ്ട് മിനിട്ട് കഴിഞ്ഞ ശേഷം അയാൾ… 2:56, 2:57, 2:58, 2:59 ശരി, ആലിംഗനം നിർത്തൂ.ഇനി പോയിക്കോളൂ, എന്ന് ജീവനക്കാരൻ പറയുന്നു.’- എന്നാണ് കമന്റ്.
എന്നാൽ ഇതിന്റെ വൈകാരിക വശങ്ങളെക്കുറിച്ചാണ് ചിലർ സംസാരിച്ചത്. ഇത്തരമൊരു തീരുമാനം മനുഷ്യത്വരഹിതമാണെന്നാണ് പലരും പറയുന്നത്. ‘ഇത് എന്നെ ചിന്തിപ്പിച്ചു…. ഞാൻ മൂന്ന് മിനിറ്റ് കെട്ടിപ്പിടിക്കുന്ന ആളുകൾ ആരാണ്? വളരെ കുറച്ച് പേർ, കുടുംബവും, അടുത്ത സുഹൃത്തും ഉണ്ട്. ജീവിതം വളരെ ചെറുതാണ്. സ്നേഹം പ്രകടിപ്പിക്കേണ്ടതാണ്. അതിന് ഇത്തരത്തിലുള്ള അതിർവരമ്പുകൾ വയ്ക്കുന്നത് ശരിയല്ല’- എന്നാണ് ഒരാൾ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘വൈകാരിക ഹോട്ട്സ്പോട്ടുകൾ’
ഡ്രോപ്പ്ഓഫ് സോണിലെ പുതിയ നടപടികളെപ്പറ്റി ഡുനെഡിൻ വിമാനത്താവളത്തിന്റെ സിഇഒ ഡാനിയൽ ഡി ബോണോ വിശദമാക്കിയിട്ടുണ്ട്. എയർപോർട്ടുകളെ ‘വൈകാരിക ഹോട്ട്സ്പോട്ടുകൾ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു, പലരും യാത്ര പറയാൻ വളരെയധികം സമയമെടുക്കുന്നു.
നിരവധി പേരാണ് ഡ്രോപ്പ്ഓഫ് ഏരിയയിൽ ഒരുപാട് സമയം ചെലവഴിക്കുന്നത്. അവിടെ ആകെ കുറച്ച് ഇടമേയുള്ളൂ. ഇതുമൂലം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. അവർക്ക് അവരുടെ പ്രിയപ്പെട്ടവരോട് യാത്ര പറയാൻ സമയം കിട്ടുകയുമില്ല.
ആലിംഗനം മൂന്ന് മിനിട്ടിൽ ചുരുക്കുമ്പോൾ കൂടുതൽ വ്യക്തികൾക്ക് അവരുടെ പ്രിയപ്പെട്ടവരെ യാത്രയാക്കാനുള്ള സമയം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. 20 സെക്കൻഡ് ആലിംഗനം ‘ലൗ ഹോർമോൺ’ ഓക്സിടോസിൻ, സെറോടോണിൻ എന്നിവയുണ്ടാകാൻ കാരണമാകുമെന്ന് സൂചിപ്പിക്കുന്ന ഒരു പഠനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.