
ആളുകളില്‍ നിന്നും പണം തട്ടിയെടുക്കുന്ന മാഫിയകള്‍ അരങ്ങുവാഴുകയാണ്. പല തരത്തിലുള്ള തട്ടിപ്പുകളാണ് ഇവര്‍ നടത്തുന്നത്. ഏറ്റവുമൊടുവിലായി ഇവര്‍ നടത്തുന്ന തട്ടിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ്. ഇത് വഴി ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങള്‍ക്കിടെ ആളുകളില്‍ നിന്ന് 120 കോടി രൂപയാണ് തട്ടിപ്പുകാർ അടിച്ചുമാറ്റിയത്. നിയമവിരുദ്ധമായ ചരക്കുകള്‍, മയക്കുമരുന്ന്, അല്ലെങ്കില്‍ മറ്റുള്ള നിയമവിരുദ്ധമായ സാധനങ്ങള്‍ അടങ്ങിയ പാഴ്സലുകള്‍ നിങ്ങള്‍ അയച്ചിട്ടുണ്ടെന്നും അത് പിടികൂടി എന്നും പറഞ്ഞാണ് തട്ടിപ്പുകാര്‍ ആദ്യം സമീപിക്കുക. വ്യാജ പാസ്പോര്‍ട്ടുമായി ബന്ധുവിനെ പിടികൂടി എന്ന് പറഞ്ഞും ഇരകളെ തട്ടിപ്പുകാർ സമീപിക്കുന്നുണ്ട്. യൂണിഫോം ധരിച്ച് നിയമപാലകരാണെന്നോ, സിബിഐ, നാർക്കോട്ടിക്സ് ബ്യുറോ, ആർബിഐ, ട്രായ്, കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞോ വീഡിയോ കോളിലൂടെ ആയിരിക്കും ഇവര്‍ പ്രത്യക്ഷപ്പെടുക. ഡിജിറ്റലായി അറസ്റ്റ് ചെയ്തിരിക്കുന്നുവെന്നും കേസ് അവസാനിപ്പിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടുള്ള കോള്‍ യഥാര്‍ത്ഥമാണെന്ന് കരുതി ആ തട്ടിപ്പുകളില്‍ വീണവര്‍ക്കാണ് ഇത്രയധികം തുക നഷ്ടമായത്.
ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡിജിറ്റല്‍ അറസ്റ്റുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ , ഹണിട്രാപ്പ് എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ തട്ടിപ്പ് കേസുകളില്‍ 46 ശതമാനവും മ്യാന്മര്, ലാവോസ്, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള തട്ടിപ്പുകാരാണ് നടത്തിയിരിക്കുന്നത്. ഇതിലൂടെ ഇവര്‍ മൊത്തം 1,776 കോടി രൂപയാണ് തട്ടിയെടുത്തത്. ട്രേഡിംഗ് തട്ടിപ്പുകളിലൂടെ 1,420.48 കോടി രൂപയും നിക്ഷേപ തട്ടിപ്പുകളിലൂടെ 222.58 കോടി രൂപയും ഹണി ട്രാപ്പുകളിലൂടെയുള്ള തട്ടിപ്പുകള്‍ വഴി 13.23 കോടി രൂപയും ആളുകള്‍ക്ക് നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് കുമാര്‍ അറിയിച്ചു.
2024 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 7.4 ലക്ഷം പരാതികള്‍ ആണ് ലഭിച്ചത്. 2023-ല്‍ 15.56 ലക്ഷം പരാതികളും 2022-ല്‍ 9.66 ലക്ഷം പരാതികളും 2021-ല്‍ 4.52 ലക്ഷം പരാതികളും ലഭിച്ചു. തന്റെ പ്രതിമാസ റേഡിയോ പ്രസംഗമായ ‘മൻ കി ബാത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]