
.news-body p a {width: auto;float: none;} ബൊഗോട്ട : നാല് വർഷങ്ങൾക്ക് മുമ്പ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് കടന്ന ഇറ്റാലിയൻ മാഫിയ നേതാവ് ലൂയിജി ബെൽവഡിയറി (32) കൊളംബിയയിൽ അറസ്റ്റിൽ.
ലോകത്തെ വിറപ്പിച്ച കൊളംബിയൻ മാഫിയ തലവൻ പാബ്ലോ എസ്കോബാറിന്റെ കല്ലറയ്ക്ക് മുന്നിൽ പോസ് ചെയ്തുള്ള തന്റെ ചിത്രം പുറത്തായതാണ് ലൂയിജിക്ക് വിനയായത്. അമേരിക്കൻ ഐക്യനാടുകളെയും ലാറ്റിനമേരിക്കൻ രാജ്യങ്ങളെയും അടക്കിവാണിരുന്ന ഡ്രഗ് ലോർഡായിരുന്ന എസ്കോബാറിന്റെ സ്വദേശമായ മെഡലിൻ നഗരത്തിൽ നിന്നാണ് ലൂയിജിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊളംബിയൻ ഡ്രഗ് ഗ്യാങ്ങുകൾക്കും ഇറ്റാലിയൻ ലഹരി മാഫിയയ്ക്കുമിടെയിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ. ഇറ്റലിയിലെ വാണ്ടഡ് ക്രിമിനലുകളിൽ ഒരാളായ ഇയാൾ തെക്കേ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള കൊക്കെയ്ൻ കടത്തിന്റെ പ്രധാന കണ്ണികളിൽ ഒരാളായിരുന്നു.
ഇറ്റലിയിൽ കുപ്രസിദ്ധ ക്രിമിനൽ സംഘമായ കമോറയുടെ ശാഖയായ കസാലെസിയിൽ അംഗമായിരുന്നു ഇയാൾ. ലഹരിക്കടത്ത് കേസിൽ 19 വർഷം ജയിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ 2020 ഡിസംബറിലാണ് ലൂയിജി ഒളിവിൽ പോയത്.
യൂറോപ്യൻ യൂണിയന്റെ യൂറോപോൾ ഏജൻസി കൊളംബിയൻ അധികൃതരുമായി ചേർന്ന് നടത്തിയ തെരച്ചിലിലാണ് ലൂയിജിയെ വെള്ളിയാഴ്ച മെഡലിനിൽ വലയിലാക്കിയത്. 70 കളിലും 80 കളിലും ആഗോള കൊക്കെയ്ൻ കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് എസ്കോബാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മെഡലിൻ കാർട്ടൽ ആണ്.
1993ൽ എസ്കോബാറിനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. എസ്കോബാറിന്റെ കടുത്ത ആരാധകനായിരുന്നു ലൂയിജി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]