
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ-തൃശൂരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ വിദ്യാർഥികളെയും വീട്ടമ്മയെയും ജീവനക്കാർ സ്വകാര്യ ബസുകളിൽ നിന്നിറക്കിവിട്ടതായി പരാതി.എരുമപ്പെട്ടിയിൽ ചില്ലറയില്ലാത്തതിന് അമ്മയെയും മകളെയും,തിരുവില്വാമലയിൽ പൈസ കുറവെന്ന് പറഞ്ഞ് ആറാം ക്ലാസുകാരിയെയും വഴിയിലിറക്കി വിട്ടെന്നാണ് പരാതി. യാത്രക്കാരോട് ബസ് ജീവനക്കാർ മോശമായി പെരുമാറുന്നത് കണ്ട് മറ്റ് യാത്രക്കാർ ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. ജീവനക്കാർക്കെതിരെ പോലീസിൽ പരാതി നൽകി.
കുന്നംകുളം എരുമപ്പെട്ടിയിലാണ് ചില്ലറയില്ലാത്തതിന്റെ പേരിൽ അമ്മയെയും ഒമ്പതാം ക്ലാസുകാരിയായ മകളേയും ബസിൽ നിന്ന് ഇറക്കിവിട്ടത്. പൊതു പ്രവർത്തകനായ ഫൈസൽ തിപ്പലശ്ശേരിയുടെ ഭാര്യയേയും മകളേയുമാണ് കുന്നംകുളം വടക്കാഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ നിന്ന് ഇറക്കി വിട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മകളെ ഓട്ടുപാറയിലുള്ള ഡോക്ടറെ കാണിക്കാനാണ് ഇവർ എരുമപ്പെട്ടി സെന്ററിൽ നിന്ന് ബസിൽ കയറിയത്. ഇവരുടെ കൈവശം 500 രൂപയുടെ നോട്ടായിരുന്നു ഉണ്ടായിരുന്നത്.
ഇത് നൽകിയപ്പോൾ ചില്ലറ വേണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയും ഇല്ലായെന്ന് പറഞ്ഞപ്പോൾ നെല്ലുവായിൽ ബസ് നിർത്തി ഇവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പറയുന്നു.ചില്ലറയില്ലാത്തതിന് അധിക്ഷേപിച്ചാണ് ഇവരെ വഴിയിൽ ഇറക്കിവിട്ടതെന്ന് എരുമപ്പെട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മറ്റൊരു സംഭവത്തിൽ ചേലക്കര തിരുവില്വാമലയിലാണ് പൈസ കുറവെന്ന് പറഞ്ഞ് ആറാംക്ലാസുകാരിയെ കണ്ടക്ടർ നിർദാക്ഷിണ്യം പെരുവഴിയിൽ ഇറക്കി വിട്ടത്. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറിസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ ആണ് ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന അരുണ ബസ്സിൽ നിന്നും ഇറക്കിവിട്ടത്.ഇന്നലെ വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് കുട്ടിയെ പാതി വഴിയിൽ ഇറക്കി വിട്ടത്.
തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു കുട്ടിക്ക് പോകേണ്ടിയിരുന്നത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം പട്ടിപ്പറമ്പിൽ ഇറക്കി വിടുകയായിരുന്നു. അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം. സാധാരണ രണ്ട് രൂപയാണ് കൊടുക്കാറെന്നും ഇതനുസരിച്ചാണ് രണ്ട് രൂപ കരുതിയത്. മറ്റ് വേറെ പൈസയില്ലാതിരുന്നതിനാൽ ഇല്ലെന്ന് കുട്ടി അറിയിച്ചുവെങ്കിലും കുട്ടിയെ വഴിയിലിറക്കി വിടുകയായിരുന്നുവെന്നാണ് പരാതി.
ഇതൊക്കെ കണ്ട് മറ്റ് യാത്രക്കാർ സഹായിക്കാനോ കണ്ടക്ടറോട് ചോദിക്കാനോ മുതിർന്നില്ലെന്നും പറയുന്നു. വഴിയിൽ കരഞ്ഞ് നിന്നിരുന്ന കുട്ടിയെ കണ്ട് നാട്ടുകാർ വിവരം തിരക്കുകയായിരുന്നു. കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.ബസ് ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.