തിരുവനന്തപുരം: ആളില്ലാതിരുന്ന വീട്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്ന ശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി. വെള്ളറട പനച്ചമൂട് വട്ടപ്പാറ പാക്കുപുര വീട്ടില്‍ ലൈല ബീവിയുടെ (65) വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒറ്റക്ക് താമസിക്കുന്ന ലൈല ബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലര്‍ച്ച വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
അലമാരയില്‍ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് കവര്‍ന്നത്. കാരമൂട്ടിലുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു. വീടിന്റെ പിറകുവശത്തുള്ള റബര്‍ മരത്തില്‍ കയറി അതുവഴി ഓട് ഇളക്കിയാണ് മോഷ്ടാവ് വീട്ടിനുള്ളില്‍ കടന്നത്. മോഷ്ടാവ് നടന്ന സ്ഥലങ്ങളിലെല്ലാം ധാരാളമായി മുളകുപൊടി വിതറിയിട്ടുണ്ട്.
ഫിംഗര്‍പ്രിന്റ് എക്സ്പെര്‍ട്ട് ചിത്ര ദേവി, സബ് ഇന്‍സ്പെക്ടര്‍മാരായ റസല്‍ രാജ്, ഉണ്ണിക്കൃഷ്ണന്, മണിക്കുട്ടന്, സി പി ഒമാരായ അജി, സുനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന സംഘം മലപ്പുറത്ത് പൊലീസ് പിടിയിലായി. മൂന്ന് ജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതികൾ ആയ സംഘത്തെയാണ് മലപ്പുറം പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബിലാൽ, മലപ്പുറം വട്ടത്താണി സ്വദേശി മുഹമ്മദ് ഫസലു, കോട്ടയം അറനൂറ്റിമംഗലം സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിൽ ആയത്. വീടുകളിലും റോഡരികിലും നിർത്തിയിടുന്ന ബൈക്കുകളാണ് സംഘം മോഷ്ടിക്കുക. തുടർന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചും രൂപ ഘടന മാറ്റിയും ഇതേ ബൈക്കുകളിൽ കറങ്ങുന്നതായിരുന്നു ഇവരുടെ രീതി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]