സിംഗപ്പൂർ: ഫേസ്ബുക്ക് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി, സിംഗപ്പൂർ സർക്കാർ മെറ്റയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കി. ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകളും തട്ടിപ്പുകളും നിയന്ത്രിക്കുന്നതിനായി മുഖം തിരിച്ചറിയൽ പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ഈ മാസത്തിനകം നടപ്പിലാക്കണമെന്ന് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടു.
ഈ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കമ്പനിക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. ഏകദേശം 6 കോടി രൂപ വരെ പിഴയും, സമയപരിധിക്ക് ശേഷമുള്ള ഓരോ ദിവസവും ഏകദേശം 30 ലക്ഷം രൂപ വീതം അധിക പിഴയും ചുമത്തുമെന്നാണ് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ നിലവിൽ വന്ന സിംഗപ്പൂരിലെ ഓൺലൈൻ ക്രിമിനൽ ഹാംസ് ആക്ട് (Online Criminal Harms Act) പ്രകാരമാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ നിയമപ്രകാരം മെറ്റയ്ക്ക് ഇത്തരമൊരു കർശന നിർദ്ദേശം ലഭിക്കുന്നത് ഇതാദ്യമാണ്.
ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താനാണ് സിംഗപ്പൂർ ലക്ഷ്യമിടുന്നതെന്ന് ഈ നടപടി വ്യക്തമാക്കുന്നു. സമീപകാലത്തായി ഫേസ്ബുക്കിൽ വ്യാജ പരസ്യങ്ങളും അക്കൗണ്ടുകളും വ്യാപകമായതായി റിപ്പോർട്ടുകളുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്താണ് പല തട്ടിപ്പുകളും നടക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ മെറ്റ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സിംഗപ്പൂരിൽ ഇതൊരു ഗുരുതരമായ പ്രശ്നമായി തുടരുകയാണ്.
സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ, പേജുകൾ, പരസ്യങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കാൻ സിംഗപ്പൂർ പോലീസ് ഈ മാസം ആദ്യം മെറ്റയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം, പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളോ പേരുകളോ ദുരുപയോഗം ചെയ്യുന്നത് തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് മെറ്റ പ്രതികരിച്ചു. ഇത്തരം വ്യാജ അക്കൗണ്ടുകളും പരസ്യങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നീക്കം ചെയ്യാറുണ്ടെന്നും കമ്പനി അറിയിച്ചു.
വ്യാജ ഉള്ളടക്കങ്ങൾ കണ്ടെത്താൻ ശക്തമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നും തട്ടിപ്പുകൾ തടയുന്നതിനായി പോലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മെറ്റ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

