മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പുതുചരിത്രമായ വനിതാ പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി അമരക്കാരൻ. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡൻ്റ് ജയേഷ് ജോർജിനെ ഡബ്ല്യുപിഎല്ലിൻ്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു.
മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഐകകണ്ഠേനയുള്ള ഈ തീരുമാനം. ഡബ്ല്യുപിഎല്ലിൻ്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജിന് സ്വന്തമാകുന്നത്.
എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ് ഭരണരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് കെസിഎയുടെ ജോയിൻ്റ് സെക്രട്ടറി, ട്രഷറർ, സെക്രട്ടറി, പ്രസിഡൻ്റ് തുടങ്ങിയ പദവികളിലൂടെ കേരള ക്രിക്കറ്റിൻ്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.
2019-ൽ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെ, ദേശീയതലത്തിൽ ജോയിൻ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2022 മുതൽ കെസിഎ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുകയാണ്.
മികച്ച സംഘാടകൻ എന്ന നിലയിൽ ഏറെ ശ്രദ്ധേയനാണ് ജയേഷ് ജോർജ്. കേരളത്തിൽ വലിയ ആവേശമായി മാറിയ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ആരംഭിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കുവഹിച്ചു.
ലീഗിൻ്റെ വിജയകരമായ ആദ്യ രണ്ട് സീസണുകൾക്ക് പിന്നിലും അദ്ദേഹത്തിൻ്റെ സംഘാടനമികവ് പ്രകടമായിരുന്നു. ഈ ഭരണപരിചയവും കായികരംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തും ഡബ്ല്യുപിഎല്ലിൻ്റെ സുഗമമായ നടത്തിപ്പിന് മുതൽക്കൂട്ടാകും.
നവരാത്രി ആഘോഷവേളയിൽ ലഭിച്ച ഈ പദവിയിൽ അതിയായ സന്തോഷമുണ്ടെന്ന് ജയേഷ് ജോർജ് പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച ബിസിസിഐക്കും പിന്തുണച്ച കേരള ക്രിക്കറ്റ് അസോസിയേഷനും അദ്ദേഹം നന്ദി അറിയിച്ചു.
വനിതാ പ്രീമിയർ ലീഗിനെ പുതിയ ഉയരങ്ങളിലെത്തിക്കാനും വനിതാ ക്രിക്കറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയേഷ് ജോർജിൻ്റെ നിയമനം കേരളത്തിലെ വനിതാ ക്രിക്കറ്റിന് വലിയ ഊർജ്ജം പകരുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.
കുമാർ പറഞ്ഞു. അടുത്ത വർഷം കെസിഎ തുടങ്ങാനിരിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന് ഈ നേട്ടം വലിയ പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജയേഷ് ജോർജിൻ്റെ നേതൃത്വത്തിൽ ഡബ്ല്യുപിഎൽ ഉൾപ്പെടെയുള്ള പ്രധാന വനിതാ മത്സരങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വിനോദ് എസ്. കുമാർ വ്യക്തമാക്കി.
പുതിയ വാർത്തകൾ newskerala.net-ൽ വായിക്കാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]