
ഒക്ടോബർ അഞ്ചിന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്ന ഹരിയാനയിലെ മണ്ണിന് പോലും രാഷ്ട്രീയത്തിന്റെ ഗന്ധമാണ്. ജനാധിപത്യപ്രക്രിയയിൽ കർഷകർക്ക് വലിയ പ്രധാന്യമുള്ള ഹരിയാനയിലെ ഓരോ മണ്ഡലങ്ങളിലും കർഷകരുടെ വോട്ട് നിർണായകമാണ്. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെ മൂന്നാം തവണയും അധികാരത്തിലേക്ക് എത്തിക്കുമോ എന്ന ചോദ്യം എങ്ങും ഉയരുന്നുണ്ട്. എന്നാൽ ഇത്തവണ സർക്കാരിനെതിരെയും ബിജെപിക്കെതിരെയും രോഷത്തോടെയാണ് കർഷകരും ദളിത് വിഭാഗങ്ങളും പ്രതികരിക്കുന്നത്.
കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒന്നും ചെയ്തില്ലെന്ന രോഷമാണ് പൊതുവെ ഉയരുന്നത്. വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ ബിജെപി സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിച്ചില്ലെന്ന ദു:ഖവും കർഷകർക്കിടയിലുണ്ട്. ഈ വിഷയങ്ങളൊക്കെ ബിജെപിക്ക് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
‘ഞങ്ങളുടെ വിളകൾക്ക് കുറഞ്ഞ താങ്ങുവില ലഭിക്കുന്നില്ല. പിന്നെ ഞങ്ങൾ എന്തിനാണ് ബിജെപിക്ക് വോട്ട് ചെയ്യുന്നത്. സൗജന്യ റേഷനല്ലാതെ മറ്റൊരു കാര്യവും ബിജെപി ചെയ്തിട്ടില്ല, ഞങ്ങൾ ഇത്തവണ എന്തായാലും ബിജെപിക്ക് വോട്ട് ചെയ്യില്ല. ദളിതർക്ക് സ്ഥലവും ഇരട്ടി പെൻഷനുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തത്’- കലനൗർ മണ്ഡലത്തിലെ ദളിത് കർഷകൻ വേദ്പാൽ ദ പ്രിന്റിനോട് പറഞ്ഞ വാക്കുകളാണിത്. വേദ്പാലിനെപ്പോലുള്ള ദളിത് കർഷകർ സംസ്ഥാനത്തുടനീളം ബിജെപിക്കെതിരെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.
എന്നാൽ ഇത്തരം ദളിത് വോട്ടുകൾ പെട്ടിയിലാക്കാനുള്ള സൂത്രങ്ങൾ ബിജെപി ക്യാമ്പ് കേന്ദ്രീകരിച്ച് നടക്കുന്നു എന്നത് മറ്റൊരു സത്യമാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് പ്രമുഖ ദളിത് നേതാവ് കുമാരി സെൽജ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നത് കോൺഗ്രസിലെ ചേരിപ്പോരിനെത്തുടർന്നാണെന്നാണ് ബിജെപി പ്രചരണം. കൂടാതെ ദളിതർക്കെതിരായ പതിറ്റാണ്ടുകൾ പഴക്കമുള്ള അക്രമക്കേസുകൾ ഉയർത്തിക്കൊണ്ടും നിർണായക ദളിത് വോട്ടുകൾ ഏകീകരിക്കാൻ ഭരണകക്ഷി ശ്രമിക്കുന്നുണ്ട്.
എന്നാൽ ഒരു ദശാബ്ദക്കാലത്തെ ഭരണ വിരുദ്ധത, തുടരുന്ന കർഷക പ്രതിഷേധങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, അഗ്നിവീർ പ്രതിഷേധങ്ങൾ, ഭരണഘടനാ മാറ്റ കാമ്പയിൻ എന്നിവ കോൺഗ്രസ് പാർട്ടിക്ക് ദളിത് പിന്തുണ കൂട്ടിയിട്ടുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കലനൗറിൽ, മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് മേയറായിരുന്ന രേണു ദബാലയെ ആണ് മൂന്ന് തവണ കോൺഗ്രസ് സിറ്റിംഗ് എംഎൽഎയായ ശകുന്തള ഖടക്കിനെതിരെ ബിജെപി ഇത്തവണ രംഗത്തിറക്കിയത്. കോൺഗ്രസ് എംഎൽഎയ്ക്കെതിരായ തരംഗം തന്റെ കന്നി മത്സരത്തിൽ പ്രയോജനം ചെയ്യുമെന്നാണ് ദബാല പ്രതീക്ഷിക്കുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ പിന്തുണയോടെ വീണ്ടും ജയിച്ചു കയറാമെന്ന പ്രതീക്ഷയാണ് ഖടക്കിനുള്ളത്.
150 കിലോമീറ്റർ അകലെ, അംബാല ജില്ലയിലെ മറ്റൊരു പട്ടികജാതി സംവരണ മണ്ഡലമായ മുള്ളാന ബിജെപിയുടെ കോട്ടയാണ്. ഈ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മണ്ഡലത്തിലെ കർഷകർക്ക് പറയാനുള്ളത് ഒരേ കാര്യം മാത്രമാണ്.
‘കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് ബിജെപി ഭരണമാണ്. സൗജന്യ റേഷനപ്പുറത്തേക്ക് മറ്റൊന്നും ജനങ്ങളിലേക്ക് എത്തുന്നില്ല. അവർ കർഷകർക്ക് വേണ്ടി എന്താണ് ചെയ്തത്? കർഷകരുടെ പ്രതിഷേധത്തിനിടെ അതിർത്തികൾ അടച്ചിരുന്നു, ആ അതിർത്തി ഇപ്പോഴും അടച്ചിരിക്കുകയാണ്. അവർ കർഷകരല്ലെന്നും രാഷ്ട്രീയക്കാരാണാണെന്നുമാണ് സർക്കാർ പറയുന്നത്. കർഷകർക്ക് ഇത്രയധികം സമയമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ, അതിർത്തിയിൽ വെറുതെ തങ്ങാൻ ആർക്കെങ്കിലും സമയമുണ്ടോ? 24 വിളകൾക്ക് കുറഞ്ഞ താങ്ങുവില നൽകിയതായി ബിജെപി അവകാശപ്പെടുന്നു, എന്നാൽ സർക്കാർ മണ്ഡിയിൽ നിന്ന് രണ്ടിൽ കൂടുതൽ വിളകൾ വാങ്ങുന്നില്ല’- മുള്ളാനയിലെ കർഷകർ രോഷത്തോടെ പ്രതികരിച്ചു.
2014ലും 2019ലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് വോട്ട് ചെയ്തെന്ന് അവകാശപ്പെട്ടുകൊണ്ടാണ് മൂന്ന് കർഷകരും മുകളിൽ പറഞ്ഞ അഭിപ്രായങ്ങൾ പങ്കുവച്ചത്. ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞങ്ങൾ കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും അവർ അവകാശപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹരിയാനയും ദളിത് വോട്ടുകളും
ജാട്ട്, ജാട്ട് ഇതര വോട്ടുകൾ ഹരിയാന രാഷ്ട്രീയത്തിൽ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനും ജാട്ട് വോട്ടുകളാണ്. കോൺഗ്രസിന്, പ്രത്യേകിച്ച് ഹൂഡ വിഭാഗത്തിന്റെ പിന്തുണയുടെ പ്രധാന നട്ടെല്ലാണ്. മറുവശത്ത്, ജനസംഖ്യയുടെ 33 ശതമാനം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) ബിജെപിയെ പിന്തുണയ്ക്കുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിലെ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളിലൊന്ന് സംസ്ഥാനത്തെ ജനസംഖ്യയുടെ 21 ശതമാനം വരുന്ന ദളിത് വിഭാഗം. ജാട്ടുകളും ദളിതുകളും തമ്മിലുള്ള ഐക്യം കോൺഗ്രസ് പിന്തുണ കുതിച്ചുയരുന്നതിനും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അഞ്ച് സീറ്റുകൾ നഷ്ടപ്പെടുന്നതിനും ഇടയാക്കിയിരുന്നു. ഈ നിയമസഭ തിരഞ്ഞെടുപ്പിനും ജാട്ട്-ദളിത് വോട്ടുകൾ നിർണായകമാണ്.
വീക്ക്നെസ് മുതലെടുക്കാൻ ബിജെപി
പ്രതിപക്ഷ പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ച് സീറ്റ് വിഭജനത്തിൽ അതൃപ്തരാണെന്ന് പറയപ്പെടുന്ന പ്രമുഖ ദളിത് നേതാവായ സെൽജയും ഹൂഡയും തമ്മിലുള്ള ആഭ്യന്തര കലഹങ്ങളുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ഇത് മുതലെടുത്ത് കോൺഗ്രസിലേക്ക് പോകുന്ന ദളിത് വോട്ടുകൾ പെട്ടിയിലാക്കാനുള്ള നീക്കങ്ങൾ ബിജെപി ക്യാമ്പിൽ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കാനുള്ള സെപ്തംബർ 18 ന് നടന്ന ചടങ്ങിൽ നിന്ന് സെൽജ വിട്ടുനിൽക്കുകയും മറ്റ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തതോടെ കോൺഗ്രസിൽ വിമത മുറുമുറുപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച സോനെപത്തിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. പിന്നാലെ ദളിതുകളോട് കോൺഗ്രസിനെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ദളിത് വോട്ടുകൾ ലക്ഷ്യം വച്ചാണ് മോദി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതെന്നത് വ്യക്തമാണ്. എപ്പോഴും കോൺഗ്രസിൽ നിലനിൽക്കുന്ന ഈ വീക്ക്നെസ് ( ആഭ്യന്തര കലഹവും വിമതസ്വരവും) മുതലെടുത്താൽ ബിജെപിക്ക് ഹരിയാനയിൽ വീണ്ടും വിജയിച്ച് കയറാൻ സാധിച്ചേക്കും.