![](https://newskerala.net/wp-content/uploads/2024/09/arjun.1.2921868.jpg)
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന് ആദരാഞ്ജലി അർപ്പിച്ച് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറി വി കെ സനോജ്. ഏതു പാതിരാത്രിയിലും ഒരു വിളിപ്പുറത്ത് സഹായവുമായി ഓടിയെത്തുന്ന, അന്നത്തെ ദിവസക്കൂലി കളഞ്ഞ്,
തനിക്ക് അറിയുകകൂടി ചെയ്യാത്ത അപരന് രക്തം ദാനം ചെയ്യുന്ന. വിശക്കുന്ന മനുഷ്യർക്കായി വീടുവീടാന്തരം കയറി പൊതിച്ചോറ് ശേഖരിക്കുന്ന സ്വന്തം ജീവിതം തൃണവൽഗണിച്ച് ദുരന്തമുഖങ്ങളിൽ രക്ഷകരാവുന്നവരിൽഒരാളായിരുന്നു അർജുനെന്ന് സനോജ് പറയുന്നു.
തനിക്കുവേണ്ടി മാത്രമല്ലാതെ ജീവിച്ച ഒരാൾ ആയതുകൊണ്ടുകൂടിയാണ് നാടിന്റെയാകെ കണ്ണീരോർമ്മയായി മാറുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ചെയ്ത ശേഷം അർജുൻ ഉൾപ്പെടെയുള്ള വെങ്ങേരി മേഖലയിലെ ഡി വൈ എഫ് ഐ പ്രവർത്തകർ ചേർന്നെടുത്ത ഫോട്ടോ പങ്കുവച്ചാണ് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
“അന്യജീവനുതകി
സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ”
ഇത് കുമാരനാശാന്റെ പ്രസിദ്ധമായ വരികളാണ്. തനിക്കുവേണ്ടി മാത്രമല്ലാതെ ജീവിക്കുകയും സഹജീവികൾക്ക്
കൂടിയുള്ളതാക്കി
ജീവിതത്തെ മാറ്റുകയും ചെയ്യുന്ന മനുഷ്യർക്ക് മരണമില്ല.
അങ്ങനെ കുറെ മനുഷ്യർ എല്ലാ പ്രദേശങ്ങളിലുമുണ്ട്. ഏതു പാതിരാത്രിയിലും
ഒരു വിളിപ്പുറത്ത് സഹായവുമായി ഓടിയെത്തുന്നവർ. അന്നത്തെ ദിവസക്കൂലി കളഞ്ഞ്,
തനിക്ക് അറിയുകകൂടി ചെയ്യാത്ത അപരന് രക്തം ദാനം ചെയ്തു മടങ്ങുന്നവർ. വിശക്കുന്ന മനുഷ്യർക്കായി വീടുവീടാന്തരം കയറി പൊതിച്ചോറ് ശേഖരിക്കുന്നവർ.
സ്വന്തം ജീവിതം തൃണവൽഗണിച്ച് ദുരന്തമുഖങ്ങളിൽ രക്ഷകരാവുന്നവർ.
അർജുൻ അവരിൽ ഒരാളായിരുന്നു. തനിക്കുവേണ്ടി മാത്രമല്ലാതെ ജീവിച്ച ഒരാൾ.
അതുകൊണ്ട് കൂടിയാണ്
ആ ചെറുപ്പക്കാരൻ നാടിന്റെയാകെ കണ്ണീരോർമ്മയായി മാറുന്നത്.
‘ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്താൽ വെൺമ ഞാനുളവാക്കി”
എന്ന ധന്യതയോടെ മരണമില്ലാത്ത ഓർമ്മയായി അവൻ മാറുന്നത്.
വിട പ്രിയസഖാവെ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
(കോഴിക്കോട് മെഡിക്കൽ കോളേജിൽ പൊതിച്ചോറ് വിതരണം ചെയ്ത ശേഷം അർജുൻ ഉൾപ്പെടെയുള്ള വെങ്ങേരി മേഖലയിലെ ഡിവൈഎഫ്ഐ സഖാക്കൾ ചേർന്നെടുത്ത ഫോട്ടോയാണ് ചിത്രത്തിൽ)
വി കെ സനോജ്