തൃശൂർ: മൂന്ന് എ.ടി.എം സെന്ററുകളിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന ഏഴ് പ്രതികളും ഹരിയാനക്കാരാണെന്നാണ് സേലം ഡി.ഐ.ജി വ്യക്തമാക്കി. ആക്രിയാകുന്ന പഴയ എ.ടി.എം മെഷിനുകൾ വാങ്ങി അതിൽ പരിശീലനം നടത്തിയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എ.ടി.എമ്മുകളിൽ പരിശീലനം നടത്താൻ അവർക്ക് സൗകര്യമുണ്ടെന്നും പുറമേ നിന്നുള്ളവർക്ക് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിലാണ് തട്ടിപ്പുകാർ കഴിയുന്നതെന്നും പറയുന്നു.
പെട്ടെന്ന് കവർച്ച നടത്താനുള്ള പരിശീലനം ഇവർ ലഭിച്ചിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ചായിരുന്നു ഹരിയാനയിലെ സംഘങ്ങൾ മുൻപും കവർച്ച നടത്തിയിട്ടുള്ളതെന്നാണ് വിവരം. അതിവേഗം വാഹനങ്ങൾ ഓടിക്കാനും ഇവർ മിടുക്കരാണ്. വാഹന പരിശോധന വെട്ടിച്ച് പാഞ്ഞ തട്ടിപ്പുസംഘത്തിന്റെ കണ്ടെയ്നർ നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചാണ് മുന്നോട്ട് പോയത്.
കേരളാ പൊലീസിൽ നിന്ന് വിവരം കിട്ടിയപ്പോൾ വിവിധ സംഘങ്ങളായി തമിഴ്നാട് പൊലീസ് വാഹന പരിശോധന തുടങ്ങിയിരുന്നു. പൊലീസ് സംഘം വാഹനം കൈ കാണിച്ച് നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും വേഗത്തിൽ മുന്നോട്ടുപോയി. പിന്തുടർന്നപ്പോൾ അടുത്ത ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. ഇതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.
സന്യാസിപ്പെട്ടിയിൽ വച്ച് വാഹനം നിറുത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുമ്പോൾ നാല് പേർ അതിൽ ഇരിക്കുന്നുണ്ടായിരുന്നു. ലോറി തുറന്നു പരിശോധിച്ചപ്പോഴാണ് അകത്ത് കാറും 2 പേരും കണ്ടത്.
ഇവർ പുറത്തേക്ക് ഓടാൻ ശ്രമിച്ചു. ഇതോടെ അവരെ കീഴ്പ്പെടുത്തി. ഇതിനിടയിലാണ് ഡ്രൈവർ ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചത്. അതോടെ അയാളെ വെടിവച്ച് വീഴ്ത്തേണ്ടി വന്നുവെന്നും ഡി.ഐ.ജി മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
ക്രെറ്റ കാറികത്ത് നിരവധി വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെത്തിയിട്ടുണ്ട്. എസ്.ബി.ഐ എ.ടി.എമ്മിൽ പണം ഇടക്കിടെ നിറയ്ക്കുമെന്ന് കരുതിയാണ് പ്രതികൾ ഇവ ലക്ഷ്യമിട്ടത്. ഗൂഗിൾ മാപ്പ് നോക്കിയാണ് എ.ടി.എം കണ്ടെത്തിയത്. പൊലീസുകാരെ ആക്രമിച്ചതിലും വാഹനങ്ങൾ ഇടിച്ചു തകർത്തതിലും അടക്കം ഇവർക്കെതിരെ കേസ് എടുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ടെയ്നറിലേക്ക് മാറ്റിയത് കേരളത്തിൽ വച്ചെന്ന് സൂചന
വടക്കഞ്ചേരിക്കടുത്തെ പന്നിയങ്കര ടോൾ പ്ലാസയിലെയും വാളയാറിന് സമീപമുള്ള പാമ്പംപള്ളം ടോൾ പ്ലാസയിലെയും കാമറകളിൽ പതിഞ്ഞ കണ്ടെയ്നർ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. അതേസമയം കാർ കടന്നുപോകുന്ന ദൃശ്യം ലഭിച്ചിരുന്നില്ല. അതിനാൽ കേരളത്തിൽ വച്ച് തന്നെ കണ്ടെയ്നർ ലോറിയിലേക്ക് കാർ കയറ്റിയാകാം പോയതെന്നാണ് കരുതുന്നതെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
കോയമ്പത്തൂരിൽ നിന്ന് അമിത വേഗത്തിൽ സഞ്ചരിച്ച കണ്ടെയ്നർ ലോറി റോഡരികിൽ നിറുത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും നാലുചക്രവാഹനങ്ങളിലും ഇടിച്ചതാണ് പ്രതികളെ പിടികൂടാൻ ഇടയാക്കിയത്. അപകടം വരുത്തിയതോടെ നാട്ടുകാർ ലോറി തടയാൻ നാട്ടുകാർ ശ്രമിച്ചു. നിറുത്താതെ പോയതിനെത്തുടർന്ന് കുമാരപാളയം, വെബ്ബാടി പൊലീസിൽ വിവരം അറിയിച്ചു. വാഹനം തടയാൻ പൊലീസും ശ്രമിച്ചെങ്കിലും നിറുത്തിയില്ല. ഒടുവിൽ സാഹസികമായി റോഡിനു കുറുകെ വാഹനം നിറുത്തിയിട്ട് കണ്ടെയ്നർ ലോറി പൊലീസ് തടയുകയായിരുന്നു.