![](https://newskerala.net/wp-content/uploads/2024/09/arjun-1-.png)
കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നു. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്കാര ചടങ്ങുകൾ. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് മൃതദേഹം തളിപ്പറമ്പ് പിന്നിട്ടു.
കുടുംബം പോറ്റാനായി വളയം പിടിച്ച് ജീവിതവഴികൾ തേടിയ അർജുൻ മുഴുവൻ മലയാളികളുടെയും നൊമ്പരമായിട്ടാണ് രണ്ടര മാസം കഴിഞ്ഞ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേക്ക് തിരിച്ചു വരുന്നത്. പ്രതിസന്ധികളും വലിയ ഉത്തരവാദിത്വങ്ങളുമായിരുന്നു ചെറുപ്രായത്തിൽ തന്നെ അർജുന് കൂട്ട്. കൂലിപ്പണിക്കാരനായ അച്ഛൻ, അമ്മ രണ്ടു സഹോദരിമാർ ഒരു അനിയൻ ഇവരെയെല്ലാം ചുമലിലേറ്റാനാണ് കണ്ണാടിക്കൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുൻ പ്ലസ് ടു വിന് ശേഷം ഒരു തുണിഷോപ്പിൽ ജോലി നോക്കിയത്. പിന്നെ ഇടയ്ക്കിടെ പെയിന്റിംഗ്. മറ്റ് ജോലികൾ.
പതിനാറാം വയസിൽ വളയം തൊട്ട അർജുൻ ഇരുപതാം വയസിൽ വലിയ വാഹനം ഓടിച്ചു തുടങ്ങി. മൂത്ത ചേച്ചിയുടെ വിവാഹം. അനുജത്തിയുടെയും അനുജന്റെയും പഠനം, പുതിയ വീട് തുടങ്ങി കുടുംബത്തിന്റെ സാക്ഷാത്കരിക്കപ്പെട്ട എല്ലാ സ്വപ്നങ്ങളിലും അർജുന്റെ ചെറുപ്രായത്തിലെ അധ്വാനത്തിന്റെ വിയർപ്പുറ്റിയിരുന്നു. ഇതിനിടയിൽ ജീവിതസഖിയായി കൃഷ്ണപ്രിയ. ജീവിത യാത്രയിൽ മറ്റൊരു സന്തോഷവുമായി മകനുമെത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളയം പിടിക്കുമ്പോൾ വാഹനത്തിൽ പലപ്പോഴും അർജുൻ ഒറ്റക്കായിരുന്നു. ദിവസങ്ങൾക്ക് ശേഷമായിരിക്കും വീട്ടിലേക്കുള്ള സാധനങ്ങളും കളിപ്പാട്ടങ്ങളുമായുള്ള തിരിച്ചു വരവ്. ഏതു പ്രതിസന്ധിയിൽപ്പെട്ടാലും മകൻ തിരിച്ചു വരുമെന്നൊരു ഉറപ്പുണ്ടായിരുന്നു ആ അച്ഛന്. അത് ക്രമേണ മങ്ങി മങ്ങി ഒടുവിൽ വരില്ലെന്ന് മനസ് പറഞ്ഞു പഠിപ്പിച്ചിട്ടും അത്ഭുതം സംഭവിക്കുമെന്ന് ആ മനുഷ്യൻ സ്വപ്നം കണ്ടിട്ടുണ്ടാകാം. കുടുംബം പുലർത്താൻ വഴികൾ ഒറ്റയ്ക്ക് വെട്ടിത്തെളിച്ച അർജുൻ തിരിച്ചെത്തുകയാണ്. കണ്ണാടിക്കലെ വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ ലോകത്തിന്റെ മുഴുവൻ സ്നേഹവും പ്രാർത്ഥനയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]