
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ സഹായത്തിനായി അപേക്ഷിക്കുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീടുകള്‍ തോറും സഹായം തേടി കയറിയിറങ്ങിയ പെണ്‍കുട്ടിയെ ചിലര്‍ ആട്ടിയോടിച്ചു. മറ്റു ചിലരാകട്ടെ തുറിച്ചുനോക്കുക മാത്രം ചെയ്തു. ബദ്നഗര്‍ റോഡിലെ ആശ്രമത്തിലെ പൂജാരിയായ രാഹുല്‍ ശര്‍മ മാത്രമാണ് പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായത്. താന്‍ കാണുമ്പോള്‍ പെണ്‍കുട്ടിയുടെ അവസ്ഥ ഭയാനകമായിരുന്നുവെന്ന് രാഹുല്‍ ശര്‍മ പറഞ്ഞു.
എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ രാഹുല്‍ ശര്‍മ പറഞ്ഞതിങ്ങനെ- “തിങ്കളാഴ്ച രാവിലെ 9.30 ഓടെ ഞാൻ ആശ്രമത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പെൺകുട്ടിയെ കണ്ടത്. അവൾ അർദ്ധനഗ്നയായിരുന്നു. ചോരയൊലിക്കുന്ന നിലയിലാണ് കണ്ടത്. സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. അവളുടെ കണ്ണുകൾ വീർത്തിരുന്നു. ഞാൻ എന്റെ വസ്ത്രങ്ങൾ അവൾക്ക് നൽകി 100 ഡയൽ ചെയ്തു. പക്ഷെ ഫോണില്‍ പൊലീസിനെ ലഭിക്കാതിരുന്നതോടെ മഹാകാൽ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഏകദേശം 20 മിനിറ്റിനുള്ളിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി”.
പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞെങ്കിലും അവള് പറഞ്ഞതൊന്നും മനസ്സിലായില്ലെന്ന് രാഹുല്‍ ശര്‍മ വിശദീകരിച്ചു. പെണ്‍കുട്ടി വല്ലാതെ പേടിച്ച അവസ്ഥയിലായിരുന്നു. പേടിക്കേണ്ടെന്നും ആരും ഇനി ഉപദ്രവിക്കില്ലെന്നും പെണ്‍കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു- “അവള് എന്നെ വിശ്വസിച്ചു.മറ്റുള്ളവര്‍ അടുത്തുവന്നപ്പോഴെല്ലാം അവൾ എന്റെ പിന്നിൽ ഒളിച്ചു. പൊലീസെത്തി അവളെ കൊണ്ടുപോയി.”
സെപ്റ്റംബർ 25നാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ബദ്നഗർ റോഡിലെ സിസിടിവികളിലാണ് പെണ്‍കുട്ടി സഹായത്തിനായി കേഴുന്ന ദൃശ്യം പതിഞ്ഞത്. പെണ്‍കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വൈദ്യപരിശോധനയിൽ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
ആരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ഉജ്ജയിൻ പൊലീസ് മേധാവി സച്ചിൻ ശർമ പറഞ്ഞു. പെണ്‍കുട്ടി ആരാണെന്നും കുറ്റകൃത്യം നടന്നത് എവിടെ വെച്ചാണെന്നും വ്യക്തമല്ലെന്നാണ് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഒരു ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാളാണോ പ്രതി എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
Last Updated Sep 28, 2023, 2:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]