
കോഴിക്കോട് – നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് എതിരായ മിച്ച ഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ. മിച്ച ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിലാണ് അൻവറിനും കുടുംബത്തിനും സഹായകരമായ രീതിയിൽ ലാൻഡ് ബോർഡ് ഇടപെടലെന്നാണ് വിമർശം.
പി.വി അൻവറിന്റെയും കുടുംബത്തിന്റെയും പേരിൽ 31.26 ഏക്കർ ഭൂമിയുണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്നതിലും 19.26 ഏക്കർ ഭൂമി അധികമാണെന്നും ഇവ തിരിച്ചുപിടിക്കണമെന്നും കഴിഞ്ഞ മാസം താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ലാൻഡ് ബോർഡ് കഴിഞ്ഞദിവസം പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് കണ്ടുകെട്ടേണ്ട ഭൂമി 6.24 ഏക്കറായി ചുരുക്കിയിരിക്കുകയാണ്. ഇതിന് പിന്നിൽ വൻ ഉദ്യോഗസ്ഥ ഒത്തുകളി ഉണ്ടെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ, അൻവർ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂപരിധി നിയമത്തിലെ ഇളവുകൾ അനുവദിച്ചാണ് നടപടി സ്വീകരിച്ചതെന്നാണ് ലാൻഡ് ബോർഡിന്റെ ന്യായം. അൻവർ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്കുൾപ്പെടെ 21.72 ഏക്കർ ഭൂമി മാത്രമാണുളളതെന്നും സ്കൂൾ, വാണിജ്യസമുച്ചയം, ചാരിറ്റി സ്ഥാപനം തുടങ്ങിയവയക്കുളള ഇളവുകൾ അടക്കം പരിഗണിച്ചതിനാലാണ് അധികമുളള 6.24 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതെന്നും ലാൻഡ് ബോർഡ് പറയുന്നു. പരാതിക്കാരൻ നൽകിയ പട്ടികയിലെ മുഴുവൻ ഭൂമിയും അൻവറിന്റെതല്ലെന്നും ലാൻഡ് ബോർഡ് വിശദീകരിക്കുന്നു.
എന്നാൽ, ഈ വിശദീകരണത്തിൽ അവ്യക്തതയുണ്ടെന്നും താൻ നൽകിയ മുഴുവൻ തെളിവുകളും ശരിയാംവിധം ലാൻഡ് ബോർഡ് പരിഗണിച്ചില്ലെന്നുമാണ് പരാതിക്കാരന്റെ ഭാഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]