
തിരുവനന്തപുരം: കൊല്ലത്ത് സൈനികനെ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സംഭവത്തിൽ വസ്തുത പുറത്ത് വന്നതിന് പിന്നാലെ സംഭവത്തേക്കുറിച്ച് നടത്തിയ പ്രതികരണത്തില്‍ ന്യായീകരണവുമായി ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. കൊല്ലത്ത് സൈനികനെ ആക്രമിച്ചെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനത്തെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്നും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ചില ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൻ കീഴിലുള്ള കേരളം, ഇന്ത്യ മുഴുവനുമായ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണെന്നുമായിരുന്നു അനിൽ ആന്റണി പ്രതികരിച്ചത്.
ഇതിന് പിന്നാലെ തന്നെ സൈനികന്റേത് വ്യാജ പരാതിയാണെന്നും സുഹൃത്തിനെ ഉപയോഗിച്ചാണ് വസ്ത്രം കീറി മുതുകില്‍ പിഎഫ്ഐ എന്ന് എഴുതിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇത് വലിയ രീതിയിലുള്ള ചര്‍ച്ചയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില അപകടകരമെന്ന നിലയില്‍ പ്രതികരിച്ച അനിലിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നതിന് പിന്നാലെയാണ് ന്യായീകരണം. തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം – രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ലെന്നാണ് അനിലിന്റെ ന്യായീകരണം.
കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു. കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ സഖ്യവും അവരുമായി ബന്ധമുള്ള മാധ്യമങ്ങളും ഫാക്ട് ചെക്ക് സുഹൃത്തുക്കളുമെല്ലാം ഒരു വലിയ സാമൂഹിക വിരുദ്ധ ദേശീയ നെറ്റ്വർക്കിനെയും അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഈ സംഭവം ഉപയോഗിച്ച് വെള്ളപൂശാൻ ശ്രമുക്കുകയാണ്. അവയെല്ലാം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടകരമാണെന്നാണ് അനില്‍ പുതിയ പ്രതികരണത്തില്‍ ന്യായീകരിക്കുന്നത്.
Last Updated Sep 28, 2023, 1:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]