
തിരുവനന്തപുരം: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗ്രഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. ഒടുവിൽ പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അമ്പലത്തിൻ കാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചു (30) ആണ് അമ്പലത്തിന് കാല സ്വദേശി രാജേന്ദ്രൻ്റെ വീട്ടിൽ എത്തി വീണ്ടും ആക്രമണം നടത്തിയത്.
ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസിൽ കുടുക്കി എന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി ഇയാളെ തടഞ്ഞു നിർത്തുകയും കാട്ടാക്കട പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് കേസിന് ആസ്പദമായ സംഭവം.
പുലർച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആൾ പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നു നോക്കുമ്പോൾ പ്രതി പാമ്പിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കാണുകയായിരുന്നു. തുടർന്ന് വീട്ടുകാർ പാമ്പിനെ അടിച്ചു കൊന്നു. ഇതിനു പിന്നാലെ കാട്ടാക്കട പൊലീസിൽ രാജേന്ദ്രൻ പരാതി നൽകി.
ആദ്യം കഥയെന്നാണ് കരുതിയിരുന്നതെങ്കിലും പൊലീസിൻ്റെ അന്വേഷണത്തിൽ പാമ്പിന്റെ ഒരു ഭാഗം പറമ്പിൽ നിന്നും ലഭിച്ചതിനാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒരു വർഷം മുന്നേ പ്രതിക്കെതിരെ രാജേന്ദ്രൻ നൽകിയ പരാതിയുടെ പേരിലെ വൈരാഗ്യത്തിലാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു.
Last Updated Sep 28, 2023, 12:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]