
375 വർഷത്തെ ഊഹാപോഹങ്ങൾക്കും പര്യവേക്ഷണങ്ങൾക്കും പിന്നാലെ മാവോറി ഭാഷയിൽ ‘സീലാൻഡിയ’ അഥവാ ‘ടെ റിയു-എ-മയൂ’ എന്നറിയപ്പെടുന്ന ഒരു കാണാതായ ഭൂഖണ്ഡത്തിന്റെ അസ്തിത്വം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഏകദേശം 1.89 ദശലക്ഷം ചതുരശ്ര മൈൽ വലിപ്പമുള്ള ഈ ഭൂഖണ്ഡം 500 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ അന്റാർട്ടിക്കയും കിഴക്കൻ ഓസ്ട്രേലിയയും ഉൾപ്പെട്ടിരുന്ന ‘ഗോണ്ട്വാന’ എന്ന പുരാതന സൂപ്പർ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏകദേശം 105 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്നും അവ്യക്തമായ കാരണങ്ങളാല്‍ സീലാൻഡിയ ഗോണ്ട്വാനയിൽ നിന്ന് “പിരിഞ്ഞുപോകാൻ” തുടങ്ങി. ഈ വേര്‍പിരിയലിന് പിന്നാലെ സീലാൻഡിയെ പതുക്കെ കടല്‍ വിഴുങ്ങി. ഈ വന്‍കരയുടെ 94 % ഭൂപ്രദേശവും സഹസ്രാബ്ദങ്ങളായി വെള്ളത്തിനടിയിലായിരുന്നു.
1642-ൽ ഡച്ച് ബിസിനസുകാരനും നാവികനുമായ ആബെൽ ടാസ്മാനാണ് സീലാൻഡിയയുടെ അസ്തിത്വം ആദ്യമായി രേഖപ്പെടുത്തുന്നത്. “മഹത്തായ ദക്ഷിണ ഭൂഖണ്ഡം” അഥവാ ടെറ ഓസ്ട്രാലിസ് കണ്ടെത്താനുള്ള ദൗത്യത്തിനിടെയായിരുന്നു അദ്ദേഹം സീലാൻഡിയയെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഈ കര കണ്ടെത്തുന്നതില്‍ ടാസ്മാൻ പരാജയപ്പെട്ടു. ന്യൂസിലാന്റെലെ തെക്കൻ ദ്വീപിൽ ആബെൽ ടാസ്മാന് ഇറങ്ങിയപ്പോള്‍, പ്രാദേശികരായ മാവോറികളെ അദ്ദേഹം കണ്ടുമുട്ടി. ശത്രുതയിലായിരുന്നെങ്കിലും മാവോറികൾ തങ്ങളുടെ ചുറ്റുമുള്ള ഭൂപ്രദേശത്തെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ആബെൽ ടാസ്മാന് കൈമാറി. കിഴക്ക് ഒരു വലിയ ഭൂപ്രദേശം ഉണ്ടായിരുന്നുവെന്നായിരുന്നു അത്. എന്നാല്‍, സീലാൻഡിയയുടെ നിലനിൽപ്പിനെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയില്‍ യോജിപ്പുണ്ടാക്കാൻ ഏകദേശം 400 വർഷമെടുത്തു.
അവസാനം 2017-ലാണ്, ജിഎൻഎസ് ജിയോളജിസ്റ്റുകൾ സിലാൻഡിയയുടെ അസ്തിത്വം സ്ഥിരീകരിക്കുന്നത്. ഈ “പുതിയ” ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും 6,560 അടി (ഏതാണ്ട് 2 കിലോമീറ്റർ) വെള്ളത്തിനടിയിലാണ്. എന്നാല്‍ എന്ത് കാരണത്താലാണ് ഗൊണ്ട്വാനയിൽ നിന്ന് സീലാൻഡിയ വേർപിരിഞ്ഞതെന്ന് ഇന്നും ഭൗമശാസ്ത്രജ്ഞര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. എങ്കിലും ലോകത്തെ എട്ടാമത്തെ ഭൂഖണ്ഡമായി സീലാൻഡിയയെ ഇന്ന് അംഗീകരിക്കുന്നു. എന്നാല്‍ ഇതിന്റെ സവിശേഷതകള്‍ മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജിയോളജിസ്റ്റ് നിക്ക് മോർട്ടിമർ പറയുന്നു.
Last Updated Sep 28, 2023, 10:26 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]