
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് കേരളം ഭരിച്ചാലും അവരുടെ കാലാവധി വെറും 3 വര്‍ഷം!!; പാര്‍ലമെന്റ് – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരിമിച്ച് നടക്കാനുള്ള സാധ്യത മുന്നിൽ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ അനുകൂലിച്ച് കേന്ദ്ര നിയമ കമ്മീഷൻ കൂടി രംഗത്ത് വന്നതോടെ ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഈ നിയമം നടപ്പാക്കപ്പെടുന്നത് ഈ നിയമം തന്നെ
സ്വന്തം ലേഖകൻ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് കേരളം ഭരിച്ചാലും അവരുടെ കാലാവധി വെറും 3 വര്‍ഷം മാത്രമായിരിക്കും. ഇതിനു ശേഷം പാര്‍ലമെന്റ് – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരിമിച്ച് നടക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ അനുകൂലിച്ച് കേന്ദ്ര നിയമ കമ്മീഷൻ കൂടി രംഗത്ത് വന്നതോടെ ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഈ നിയമം നടപ്പാക്കപ്പെടും.
അതോടെ 2029 – ല്‍ രാജ്യത്തെ നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും ഒറ്റ തിരഞ്ഞെടുപ്പായാണ് നടക്കുക. മണ്ഡല പുനര്‍ നിര്‍ണ്ണയം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ 2029 – ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അടക്കം പാര്‍ലമെന്റിലെയും – നിയമസഭയിലെയും അംഗ സംഖ്യയും വര്‍ദ്ധിക്കും. ഒറ്റ തിരഞ്ഞെടുപ്പെന്ന ആശയം അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കാനാകുമെന്നാണ് നിയമ കമ്മീഷൻ പറയുന്നത്. ഇതിന്റെ ആദ്യ നടപടി 2024ല്‍ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
2029ല്‍ ഇത് പൂര്‍ണ്ണമായി നടപ്പാക്കണമെന്നും കമ്മീഷൻ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച രാംനാഥ് കോവിന്ദ് സമിതി പഠിച്ചാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. പുതിയ മാറ്റത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ത്താലും നടപ്പാക്കാൻ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിനാവശ്യമായ ഭൂരിപക്ഷം നല്‍കണമെന്നതാണ് 2024 – ലെ തിരഞ്ഞെടുപ്പിലെ അവരുടെ പ്രധാന ആവശ്യം.
മൂന്നാമതും രാജ്യത്ത് മോദി ഭരണം വരുമെന്ന കാര്യത്തില്‍ ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് ഉള്ളത്. അയോദ്ധ്യ ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം തന്നെ തന്ത്രപരമാണ്. ബി.ജെ.പിയെ 2 സീറ്റുകളില്‍ നിന്നും രാജ്യം ഭരിക്കുന്ന ശേഷിയിലേക്ക് വളര്‍ത്തിയതിനു പിന്നില്‍ ‘അയോദ്ധ്യ വിവാദം’ വഹിച്ച പങ്ക് വളരെ വലുതാണ്.
രാമക്ഷേത്രത്തിന്റെ അവസാന നിര്‍മ്മാണ പ്രവര്‍ത്തികള്‍ 2023 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര വ്യക്തമാക്കിയിരിക്കുന്നത്. 136 സനാതന പാരമ്ബര്യങ്ങളില്‍ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കള്‍ക്കു പുറമെ 10,000 വിശിഷ്ടാതിഥികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്. ഇതില്‍ നല്ലൊരു വിഭാഗവും സംഘപരിവാര്‍ നേതാക്കള്‍ ആകാനാണ് സാധ്യത. ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് രാജ്യ വ്യാപകമായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.
ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിര്‍ത്തിയാണ് ഈ നീക്കങ്ങള്‍ എന്നതും വ്യക്തമാണ്. മോദിക്ക് മൂന്നാം ഊഴം ഉറപ്പിക്കാൻ ഉപയോഗപ്പെടുത്താൻ കഴിയുന്നതെന്തും ഉപയോഗപ്പെടുത്താൻ തന്നെയാണ് സംഘപരിവാറിന്റെ തീരുമാനം. ബി.ജെ.പിക്ക് എതിരെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുൻപു തന്നെ പ്രതിപക്ഷ വിശാലസഖ്യം രൂപീകരിച്ചതാണ് ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
ഇതിനെ മറികടക്കാനുള്ള തന്ത്രമെന്ന നിലയിലാണ് വനിതാ സംവരണബില്ലും അപ്രതീക്ഷിതമായി കൊണ്ടു വന്നിരിക്കുന്നത്. രാമക്ഷേത്രം, വനിതാ സംവരണ ബില്‍, ഏക സിവില്‍ കോഡ്, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ തുടങ്ങിയ സകലതും വരുന്ന തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കിയാല്‍ പ്രതിപക്ഷ മുന്നണിയെ തകര്‍ക്കാൻ കഴിയുമെന്നാണ് ബി.ജെ.പി കരുതുന്നത്.
‘അവസരവാദികളുടെ കൂട്ടം’ എന്നാണ് പ്രതിപക്ഷ മുന്നണിയെ ബി.ജെ.പി നേതൃത്വം വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് എത്ര ഏകീകരണമുണ്ടായാലും തിരഞ്ഞെടുപ്പിന് ശേഷം ഇവരില്‍ പലരും കളംമാറി ചവിട്ടുമെന്ന കാര്യത്തിലും ബി.ജെ.പി നേതൃത്വത്തിന് സംശയമില്ല. 2024-ല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന ഒരു പാര്‍ലമെന്റാണ് ബി.ജെ.പി സ്വപ്നം കാണുന്നത്. അതിനു അവര്‍ക്ക് സാധിച്ചില്ലങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്താനും ബി.ജെ.പി മടിക്കില്ല.
വരുന്ന തിരഞ്ഞെടുപ്പില്‍ എൻ.ഡി.എക്ക് ഭൂരിപക്ഷം ലഭിച്ചില്ലങ്കില്‍ പോലും ഏറ്റവും വലിയ ഒറ്റകക്ഷിയാകുക ബി.ജെ.പി തന്നെ ആയിരിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും സംശയം ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ സംഭവിച്ചാല്‍ ആരെ സര്‍ക്കാര്‍ ഉണ്ടാക്കാൻ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയെ വിളിക്കുമോ അതോ പ്രതിപക്ഷ മുന്നണിയെ വിളിക്കുമോ എന്നത് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകും.
ഭരിക്കാനുള്ള ഭൂരിപക്ഷം എൻ.ഡി.എക്ക് ലഭിച്ചില്ലങ്കില്‍ പോലും ഭൂരിപക്ഷം തെളിയിക്കാൻ മോദിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടാല്‍ പല പ്രതിപക്ഷ പാര്‍ട്ടികളെയും സ്വന്തം പാളയത്തില്‍ എത്തിച്ച് ഭൂരിപക്ഷം ഉറപ്പാക്കാൻ ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിക്കും. അത്തരമൊരു സാഹചര്യം കൂടി മനസ്സില്‍ കണ്ടാണ് ഇത്തവണ ബി.ജെ.പി മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യാ’ മുന്നണിക്ക് ഉയര്‍ത്തിക്കാട്ടാൻ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാത്തതും മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള ഭിന്നതയും ഒടുവില്‍ തങ്ങള്‍ക്ക് നേട്ടമാകുമെന്നാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്.
‘ഇന്ത്യാ’ മുന്നണിയില്‍ ഇല്ലാത്ത പ്രതിപക്ഷ പാര്‍ട്ടികളായ വൈ.എസ്.ആര് കോണ്‍ഗ്രസ്സ്, ബിജു ജനതാദള്‍ പാര്‍ട്ടികളുടെ പിന്തുണ ഇതിനകം തന്നെ ബി.ജെ.പി ഉറപ്പിച്ചിട്ടുണ്ട്. രാജ്യസഭയിലെ നിര്‍ണ്ണായക വോട്ടെടുപ്പുകളില്‍ സര്‍ക്കാറിനെ എല്ലായ്പ്പോഴും സഹായിക്കുന്നതും ഈ പാര്‍ട്ടികള്‍ തന്നെയാണ്. മോദിയെ സര്‍ക്കാര്‍ ഉണ്ടാക്കാൻ രാഷ്ട്രപതി വിളിച്ചാല്‍ കോണ്‍ഗ്രസ്സ് എം.പിമാരില്‍ തന്നെ ഒരു വിഭാഗം ഒപ്പം പോരുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതൃത്വത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]