
തിരുവനന്തപുരം: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന് പേസര്‍ നവീന്‍ ഉള് ഹഖ്. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് നവീന്‍ ഉള് ഹഖ് വ്യക്തമാക്കി.കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്ന് നവീന്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിക്കാനായിരുന്നില്ല. പിന്നീട് ഇംഗ്ലണ്ടില്‍ നവീന്‍ ശസ്ക്രക്രിയക്ക് വിധേയനായിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഏകദിന ക്രിക്കറ്റ് മതിയാക്കുന്നതെന്ന് നവീന്‍ ക്രിക് ബസിനോട് പറഞ്ഞു.
ടി20 ക്രിക്കറ്റിലായിരിക്കും ഇനി താന്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്നും കരിയര്‍ നീട്ടിയെടുക്കണമെങ്കില്‍ ഏകദിന ക്രിക്കറ്റ് ഉപേക്ഷിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും നവീന്‍ വ്യക്തമാക്കി.ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള കായികക്ഷമത തെളിയിക്കാനായത് ഭാഗ്യമാണെന്നും നവീന്‍ പറഞ്ഞു.ലോകകപ്പ് സന്നാഹമത്സരം കളിക്കാനായി തിരുവനന്തപുരത്തെത്തിയ അഫ്ഗാനിസ്ഥാന് ടീമിന്റെ ഭാഗമാണ് നവീന്‍.
കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരമായിരുന്ന നവീന്‍ ഉള് ഹഖ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള പോരാട്ടത്തിനിടെ വിരാട് കോലിയുമായി കൊമ്പുകോര്‍ത്തത് വലിയ വിവാദമായിരുന്നു. മത്സരശേഷം കോലിക്ക് ഹസ്തദാനം കൊടുക്കുമ്പോള്‍ ഇരുവരും വീണ്ടും വാക് പോര് നടത്തി. ഇതിനുശേഷം പ്രശ്നത്തില്‍ ലഖ്നൗ മെന്ററായിരുന്ന ഗൗതം ഗംഭീര്‍ കൂടി ഇടപെട്ടതോടെ അത് കോലി-ഗംഭീര്‍ തര്‍ക്കമായി മാറി.
കോലിയുമായുള്ള തര്‍ക്കത്തിനുശേഷം നവീന്‍ കളിക്കാനിറങ്ങിയ മത്സരങ്ങളിലെല്ലാം ആരാധകര്‍ കളിയാക്കലുകളുമായി രംഗത്തെത്തിയിരുന്നു. ഐപിഎല്ലിനുശേഷവും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ നവീന്‍ ആരാധകരെ പ്രകോപിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഖ്നൗവിനായി എട്ട് മത്സരങ്ങള്‍ കളിച്ച നവീന്‍ 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഏഴിന് ബംഗ്ലാദേശിനെതിരെയാാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം. 11നാണ് ഇന്ത്യക്കെതിരായ അഫ്ഗാനിസ്ഥാന്റെ മത്സരം.
Last Updated Sep 27, 2023, 10:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]