
കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തിൽ നാല് കുട്ടികളുൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതിൽ അതിശക്ത വിമർശനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കവെ നടത്തിയ ആക്രമണത്തിൽ റഷ്യക്കെതിരെ വിവിധ ലോക രാജ്യങ്ങൾ വിമർശനം കടുപ്പിച്ച് രംഗത്തെത്തി.
നയതന്ത്ര ചർച്ചകൾക്ക് പകരം റഷ്യ മിസൈലുകൾ തെരഞ്ഞെടുത്തുവെന്ന വിമർശനവുമായി യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അമേരിക്ക, യു കെ, ഫ്രാൻസ് രാജ്യങ്ങളടക്കം റഷ്യക്കെതിരെ വിമർശനം ഉന്നയിച്ചു.
സമാധാന ശ്രമങ്ങൾക്ക് പുടിൻ തുരങ്കം വയ്ക്കുകയാണെന്നാണ് യു കെ പ്രധാനമന്ത്രി കെയർ സ്റ്റാമർ കുറ്റപ്പെടുത്തിയത്. യു കെയിലെ റഷ്യൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്നും യു കെ പ്രധാനമന്ത്രി വ്യക്തമാക്കി.
സമാധാനം പുലരാൻ റഷ്യക്ക് താത്പര്യമില്ലെന്നാണ് അമേരിക്ക വിമർശിച്ചത്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്നതടക്കമുള്ള വിമർശനങ്ങളാണ് ഫ്രാൻസ് മുന്നോട്ട് വച്ചത്.
അതേസമയം റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനമാണ് യുക്രൈൻ സൈന്യം നടത്തിയത്. തലസ്ഥാനമായ കീവടക്കം പതിമൂന്ന് സ്ഥലങ്ങൾ റഷ്യ ലക്ഷ്യം വെച്ചുവെന്നാണ് യുക്രൈൻ സൈന്യം ആരോപിച്ചത്.
കീവിലെ യൂറോപ്യൻ യൂണിയൻ ഡെലിഗേഷൻ ഓഫീസിനും ബ്രിട്ടീഷ് കൗൺസിൽ ഓഫീസിനും ആക്രമണത്തിൽ കേടുപാട് പറ്റിയെന്നും യുക്രൈൻ സൈന്യം വിവരിച്ചു. അതേസമയം സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ റഷ്യ – യുക്രൈൻ ചർച്ച നിലവിൽ അനിശ്ചിതത്വത്തിലാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന അലാസ്ക ഉച്ചകോടിയുടെ തുടർച്ചയായുള്ള ചർച്ചയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി പുടിനും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും തമ്മിൽ നടത്താമെന്ന് ധാരണയെത്തിയിരുന്ന ചർച്ച തത്കാലം നടക്കില്ലെന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അങ്ങനെ ഒരു ചർച്ച ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കഴിഞ്ഞ ദിവസം അറിയിച്ചത്. എൻ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലാവ്റോവ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്നും അതിനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ലാവ്റോവ് വ്യക്തമാക്കിയിരുന്നു. നേർക്കുനേർ യോഗത്തിനുള്ള അജൻഡ ഇപ്പോഴില്ലെന്നും അതിനാൽ ചർച്ചകൾ മാറ്റിവെക്കാനാണ് റഷ്യയുടെ തീരുമാനമെന്നും ലാവ്റോവ് വിവരിച്ചു.
വിശദമായ അജൻഡ തയാറാകുമ്പോൾ മാത്രമേ ചർച്ചകൾ പരിഗണിക്കാനാകൂ എന്നാണ് റഷ്യയുടെ നിലപാട്. നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുക്രൈന് പ്രസിഡന്റ് വോളഡിമീര് സെലന്‍സ്കി വ്യക്തമാക്കിയിരുന്നു.
ചർച്ചയിൽ പുടിൻ നേരിട്ട് പങ്കെടുക്കുമോ എന്ന് ഉറപ്പ് നൽകാതെയുള്ള പ്രതികരണങ്ങളായിരുന്നു ആദ്യം മുതലേ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രതിനിധി തല ചർച്ചകൾ മതിയെന്ന നിലപാടിലാണ് റഷ്യയെന്നാണ് വ്യക്തമാകുന്നത്.
അലാസ്ക ഉച്ചകോടിക്ക് ശേഷം ട്രംപും വൈറ്റ് ഹൗസും നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധമാണ് റഷ്യയുടെ പുതിയ നിലപാട്. യുക്രൈൻ – റഷ്യ യുദ്ധം അതിശക്തമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പിന്മാറ്റമെന്നാണ് സൂചന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]