
കോട്ടയം ∙ ടയർ റീട്രെഡിങ് ഉൽപന്നങ്ങളുടെ ഏഷ്യയിലെ പ്രമുഖ വിതരണക്കാരായി വളർന്ന മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനിക്ക്
1969ൽ തുടക്കം കുറിച്ചത് ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ചെറിയ സ്ഥലത്താണ്. അന്ന് 29–ാം വയസ്സിൽ 64,000 രൂപയും വിരലിൽ എണ്ണാവുന്നത്ര ജീവനക്കാരുമാണ് ഒപ്പമുണ്ടായിരുന്നത്.
ജനറൽ റബേഴ്സ് എന്ന ആ സ്ഥാപനം കുറഞ്ഞ വർഷങ്ങൾ കൊണ്ട് ടയർ റീട്രെഡിങ് രംഗത്തു പേരെടുത്തു. അതിനും മുൻപു കൊല്ലം നീണ്ടകരയിൽ ട്രോളിങ് ബോട്ട് വാങ്ങി ആഴക്കടലിലും ഭാഗ്യം പരീക്ഷിച്ചു.
തുടർന്നാണ് ഏറ്റുമാനൂരിലെത്തിയത്.
പ്രമുഖ പ്ലാന്ററായിരുന്ന ബി.എഫ്.വർഗീസിന്റെയും സാമൂഹികപ്രവർത്തകയും പാചകഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന സാറാമ്മയുടെയും മകനായി ജനിച്ച ജോർജ് വർഗീസിന്റെ രക്തത്തിൽ അലിഞ്ഞതായിരുന്നു സംരംഭകത്വത്തോടുള്ള ആഭിമുഖ്യം. ട്രെഡ് റബർ നിർമാണരംഗത്തു സജീവമായതോടെ മിഡാസ് കമ്പനി ആരംഭിച്ചു.
അക്കാലത്ത് കെഎസ്ആർടിസി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾക്കു ട്രെഡ് റബർ നൽകിയിരുന്നതു മിഡാസാണ്. അത്യധ്വാനിയായ ജോർജ് വർഗീസിന്റെ സ്വപ്നങ്ങളുടെയും കഠിനപ്രയത്നങ്ങളുടെയും ഫലമായി കമ്പനി ഇറഞ്ഞാൽ, മണിമല, വാഴൂർ, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ ശാഖകൾ തുടങ്ങി.
പിന്നീടു സംസ്ഥാനത്തിനു പുറത്ത് പുതുച്ചേരിയിലേക്കും ചെന്നൈയിലേക്കും കമ്പനി വളർന്നു.
റീട്രെഡിങ് രംഗത്തു പുതിയ പരീക്ഷണങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകിയത് കമ്പനിയെ പുതിയ ഉയരങ്ങളിൽ എത്തിച്ചു. തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം ഇന്ന് മിഡാസിന്റെ ഉൽപന്നങ്ങൾ എത്തുന്നു.
പ്രീക്വിയേഡ് ട്രെഡ് റബർ ഉൾപ്പെടെ 24,000 ടൺ ഉൽപന്നങ്ങൾ പ്രതിവർഷം നിർമിക്കുന്നുണ്ട്. 1200ൽ അധികം ജീവനക്കാരും 500 കോടിയോളം രൂപ വാർഷിക വിറ്റുവരവുമുള്ള കമ്പനിയായി മിഡാസ് മാറിയപ്പോഴും സഹജീവികളോടുള്ള കരുതലും കാരുണ്യവും അദ്ദേഹം കൈമുതലായി സൂക്ഷിച്ചു.
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമ്പോഴും വലതുകരം ചെയ്യുന്ന നന്മ ഇടതുകരം അറിയരുതെന്ന നിലപാട് കൈവിട്ടില്ല.
ഒരുവേള സിനിമാ നിർമാണരംഗത്തേക്കും എത്തിയെങ്കിലും പിന്നീടു പരിപൂർണ ശ്രദ്ധ മിഡാസിനു മാത്രം നൽകി. നല്ല ടെന്നിസ് കളിക്കാരനായിരുന്നു.
കോട്ടയം യൂണിയൻ ക്ലബ്ബിന്റെ സജീവാംഗമായിരുന്നു. 70–ാം വയസ്സിലും ഊർജ്വസ്വലതയോടെ ടെന്നിസ് കളിച്ചു.
ജോർജ് വർഗീസ് വിടപറയുമ്പോൾ ബാക്കിയാവുന്നത് ടയർ റീട്രെഡിങ് മേഖലയിൽ ഇന്ത്യയിലെ പ്രബല കമ്പനിയുടെ പെരുമയും ആ രംഗത്തു വിപ്ലവകരമായ മുന്നേറ്റം നടത്തി ആഗോള ശ്രദ്ധനേടിയ അമരക്കാരന്റെ പേരുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]