
കല്‍പ്പറ്റ: വയനാട്ടിൽ മഴ ശക്തമാവുകയാണ്. താമരശ്ശേരി ചുരത്തിൽ വീണ്ടും കനത്ത മണ്ണിടിച്ചിലുണ്ടായി.
ചുരത്തിലൂടെ ഒഴുകുന്ന ചാലുകളിൽ പലയിടത്തും നിറവ്യത്യാസം ഉണ്ട്. വയനാട് അതിര്‍ത്തിയായ ലക്കിടിയില്‍ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പരിശോധന നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍.
ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. മേഖലയിലെ ദ്രവിച്ച പാറകള്‍ വലിയ മണ്ണിടിച്ചിലിന് കാരണമായെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
ദ്രവിച്ച വലിയ പാറകളാണ് അപകടകരമായ രീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തില്‍ നിന്നാണ് ഇത്തരത്തില്‍ പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയിരിക്കുന്നത്.
മേഖലയില്‍ ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം സൂചന നല്കി. നിലവില്‍ ചുരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
പ്രധാനപ്പെട്ട സര്‍വീസുകളായ ആംബുലന്‍സ് മാത്രമാണ് ഇതുവഴി കടത്തിവിട്ടുകൊണ്ടിരിക്കുന്നത്.
അതേ സമയം വലിയ മണ്ണിടിച്ചില്‍ സാധ്യത ഇല്ലാതാക്കാന്‍ വിധഗ്ദ സമിതി പ്രദേശം സന്ദര്‍ശിക്കുമെന്ന് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനി മണ്ണിടിച്ചില്‍ ഉണ്ടായാല്‍ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം.
ഇക്കാര്യം വിധഗ്ദ സമിതി എത്തി പഠിക്കും. റോഡിലേക്ക് ഒലിച്ചിറങ്ങിയ മണ്ണ് ഫയര്‍ ഫോഴ്സ് വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേന, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ ശ്രമങ്ങള്‍ക്കൊടുവിലാണ് റോഡ് അവശ്യഘട്ടങ്ങളില്‍ ഗതാഗതത്തിന് സാധ്യമാക്കിയിരിക്കുന്നത്. എന്നാല്‍ പതിവ് പോലെ ഭാരവാഹനങ്ങളും യാത്ര ബസുകളും ഇതുവഴി കടത്തിവിടേണ്ടതില്ലെന്ന തീരുമാനമാണ് കോഴിക്കോട്-വയനാട് ജില്ല ഭരണകൂടങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
താമരശ്ശേരി ചുരം പാത താല്‍ക്കാലികമായി അടഞ്ഞതോടെ കുറ്റ്യാടി ചുരം വഴിയാണ് ലോറികളും യാത്രാവാഹനങ്ങളും പോകുന്നത്. ഇത് ഇവിടെ രൂക്ഷമായ ഗതാഗതകുരുക്കിന് കാരണമാക്കുന്നുണ്ട്.
നിലമ്പൂരിലേക്ക് എത്തുന്ന നാടുകാണിയില്‍ തിരക്ക് വര്‍ധിച്ചതായാണ് വിവരങ്ങള്‍. വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]