
തിരുവനന്തപുരം∙ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്നു
യുവതി ദുരിതത്തിൽ. കാട്ടാക്കട
കിള്ളി തൊളിക്കോട്ടുകോണം റസിയ മൻസിലിൽ എസ്.സുമയ്യ (26) യാണു പലവിധ ശാരീരിക ബുദ്ധിമുട്ടുകളുമായി കഴിയുന്നത്. 2023 മാർച്ച് 22നു സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ഡോ. രാജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ എന്നു സുമയ്യ പറഞ്ഞു.
സുമയ്യ പറയുന്നത്: ‘‘എട്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു.
കഴുത്തിലും കാലിലും ട്യൂബുകൾ ഇട്ടിരുന്നു. യുടെ മുറിവുകൾ കരിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു.
അപ്പോൾ മുതൽ ശ്വാസംമുട്ടലും കിതപ്പും ഉണ്ടായി. നടക്കാനും വീട്ടുജോലിക്കും പ്രയാസമായി.
അസ്വസ്ഥത തുടർന്നതിനാൽ സ്വകാര്യ ലാബിലെ ജോലി ഉപേക്ഷിച്ചു. ഡോക്ടറെ കണ്ട് മരുന്നു കഴിച്ചു.
ഫലമുണ്ടായില്ല. കഴിഞ്ഞ മാർച്ചിൽ കടുത്ത ചുമയായി.
മരുന്നു കൊണ്ട് ഫലമുണ്ടായില്ല. തുടർന്നു വീടിനു സമീപത്തെ ക്ലിനിക്കിലെ ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുത്തു.
നെഞ്ചിനുള്ളിൽ എന്തോ അസ്വാഭാവികമായി കാണുന്നെന്നു ഡോക്ടർ പറഞ്ഞു. ഉടൻ എക്സ്റേയുമായി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടു.
മുൻപു ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
മറ്റു ശസ്ത്രക്രിയകൾക്കു വിധേയയായിട്ടില്ലെന്നു പറഞ്ഞപ്പോൾ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലേക്ക് റഫർ ചെയ്തു. അവിടെ എക്സ്റേ എടുത്തു പരിശോധിച്ച ഡോക്ടർ ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ് വയറാണ് (കത്തീറ്ററും മറ്റും കടത്തുന്നതിനു മുന്നോടിയായി കടത്തിവിടുന്നത്) അകത്തു കിടക്കുന്നതെന്നും ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്യാമെന്നും പറഞ്ഞു.
അതിനു മുന്നോടിയായി സിടി സ്കാൻ എടുത്തു. ഈ റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ഗൈഡ് വയർ നീക്കം ചെയ്യാനാകില്ലെന്നു മനസ്സിലാകുന്നത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായുള്ള സെൻട്രൽ ലൈൻ ഇട്ടു.
ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നതെന്ന് ഡോക്ടർമാർ വിശദീകരിച്ചു. ഗൈഡ് വയർ തിരികെ എടുക്കാത്തതിനാൽ രക്തത്തിലൂടെ നെഞ്ചിലെത്തിയെന്നാണു നിഗമനം.
ധമനികളുമായി ഒട്ടിച്ചേർന്ന ഗൈഡ് വയർ ഇനി തിരികെ എടുത്താൽ ഹൃദയത്തെ ഉൾപ്പെടെ ബാധിക്കുമെന്നും അവർ അറിയിച്ചു. സുമയ്യ ജില്ലാ മെഡിക്കൽ ഓഫിസർക്കു പരാതി നൽകി. ആശുപത്രിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ദിവ്യ സദാശിവൻ പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പ്രതികരണം ലഭ്യമായിട്ടില്ല.
പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് തലനാരിഴയ്ക്ക്
ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ നെടുമങ്ങാട് തൊളിക്കോട് സ്വദേശി 17 വയസ്സുള്ള പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചതു തലനാരിഴയ്ക്ക്. തിങ്കളാഴ്ച നടന്ന അപ്പൻഡിക്സ് ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടായി.
ഇതു നിയന്ത്രിക്കാനായില്ല. ഡോക്ടർമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ശ്രീചിത്രയിൽ നിന്നും വാസ്കുലാർ സർജന്റെ സേവനം തേടിയെങ്കിലും ലഭിച്ചില്ല.
ഒടുവിൽ സ്വകാര്യ ആശുപത്രിയിലെ വാസ്കുലാർ സർജനെ വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
അവിടെ നടത്തിയ ചികിത്സയിലാണു ജീവൻ രക്ഷിച്ചത്. ഇന്നലെ കുട്ടിയെ ജനറൽ ആശുപത്രിയിൽ തിരികെ എത്തിച്ചു.
ഇപ്പോൾ സർജറി ഐസിയുവിലാണ് . ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് സ്വകാര്യ ആശുപത്രിയിലെ ചെലവുകൾ വഹിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]