ഇന്ത്യൻ വംശജനായ വ്യക്തി ആപ്പിളിന്റെ തലപ്പത്തേക്ക്. ആപ്പിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി കെവൻ പരേഖ് അടുത്ത വർഷം ജനുവരി ഒന്നാം തീയതി ചുമതലയേറ്റെടുക്കും. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) ലൂക്കാ മേസ്ത്രി സ്ഥാനമൊഴിയുന്നതോടെയാണ് പരേഖ് ഈ സ്ഥാനത്തേക്ക് എത്തുകയെന്ന് ആപ്പിൾ അറിയിച്ചു. കഴിഞ്ഞ 11 വർഷമായി ആപ്പിളിൽ പ്രവർത്തിച്ചുവരികയാണ് കേവൻ പരേഖ്. നിലവിൽ ഫിനാൻഷ്യൽ പ്ലാനിംഗ് ആൻഡ് അനാലിസിസ്, ജി&എ, ബെനിഫിറ്റ്സ് ഫിനാൻസ്, ഇൻവെസ്റ്റർ റിലേഷൻസ്, മാർക്കറ്റ് റിസർച്ച് എന്നിവയ്ക്ക് നേതൃത്വം നൽകുന്നു. ആപ്പിളിന്റെ സാമ്പത്തിക വിഭാഗത്തിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണ് കെവൻ പരേഖ് എന്നും അദ്ദേഹത്തിന്റെ അറിവും സാമ്പത്തിക വൈദഗ്ധ്യവും ആപ്പിളിന്റെ അടുത്ത സിഎഫ്ഒ എന്ന സ്ഥാനത്തേക്കുള്ള യോഗ്യത വെളിവാക്കുന്നുവെന്നും ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.
തോംസൺ റോയിട്ടേഴ്സിൽ പ്രവർത്തന പരിചയവുമായി 2013ലാണ് കെവൻ പരേഖ് ആപ്പിളിന്റെ ഫിനാൻസ്, പ്രൊഡക്റ്റ് മാർക്കറ്റിംഗ് വിഭാഗത്തിൽ ചേരുന്നത്. ജനറൽ മോട്ടോഴ്സിലും പരേഖ് ജോലി ചെയ്തിരുന്നു. മിഷിഗൺ സർവകലാശാലയിൽ നിന്ന് സയൻസ് ബിരുദവും ചിക്കാഗോ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ ഇലക്ട്രിക്കൽ എഞ്ചിനീയറാണ് കെവൻ പരേഖ് . 2014-ൽ ആണ് ലൂക്കാ മേസ്ത്രിയെ ആപ്പിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ആയി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ കാലത്താണ് കമ്പനി വാർഷിക വിൽപ്പനയും അറ്റവരുമാനവും ഇരട്ടിയിലധികം വർധിപ്പിച്ചത്. സാങ്കേതികവിദ്യ , വിവര സുരക്ഷ, റിയൽ എസ്റ്റേറ്റ്, വികസനം എന്നിവയുൾപ്പെടെയുള്ള കോർപ്പറേറ്റ് സേവന ടീമുകളെ ലൂക്കാ മേസ്ത്രി തുടർന്നും നയിക്കും.
ആപ്പിളിന്റെ നിലവിലെ മാനേജ്മെന്റ് ടീമിലെ മിക്കവരും 60 വയസ്സിന് അടുത്ത് പ്രായമുള്ളവരാണ്. ഇവർ പതിറ്റാണ്ടുകളായി കമ്പനിയിൽ പ്രവർത്തിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഭാവിയിൽ ആപ്പിളിന്റെ നേതൃ നിരയിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]