
മലപ്പുറം: രാത്രി സമയങ്ങളിൽ റോഡ് സൈഡിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയിൽ. മോഷ്ടാക്കളെ ഒറ്റക്ക് കീഴ്പ്പെടുത്തി ബാറ്ററി നഷ്ടപ്പെട്ട വാഹന ഉടമ തന്നെയാണ് പൊലീസിൽ ഏൽപ്പിച്ചത്. അജ്മൽ കോട്ടക്കൽ, ഹൈദ്രു, ഫൈസൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ 01.30 ന് മലപ്പുറം – തിരൂർ റോഡ് ബൈപസിലാണ് സംഭവം.
സ്വന്തം വാഹനം എടുക്കാൻ വേണ്ടി എത്തിയ വാഹന ഉടമ കൊന്നോല മുഹമ്മദ് അനസ് വാഹനം സ്റ്റാർട്ട് ആവാത്തത് നോക്കിയപ്പോൾ ആണ് ബാറ്ററി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പുറത്തിറങ്ങി ചുറ്റുപാടും നിരീക്ഷിച്ചപ്പോൾ സമീപത്ത് നിർത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ രണ്ട് പേർ ഇരുന്ന് പരുങ്ങുന്നത് കണ്ടു. സംശയം തോന്നി ഇവരെ തടഞ്ഞു വെച്ച് വാഹനം പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ട ബാറ്ററി കൂടാതെ വേറെ ഒരു ലോറിയുടെ ബാറ്ററിയും സംഘത്തിന്റെ വാഹനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കോട്ടക്കൽ സ്വദേശികളായ അജ്മൽ, ഹൈദ്രു എന്നിവരാണ് സംഘത്തിലുള്ളത്. മോഷണത്തിന് ഉപയോഗിക്കുന്ന ടൂൾസുകളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. ഇതോടെ സംഘത്തെ തടഞ്ഞുവച്ച യുവാവ് മലപ്പുറം പൊലീസിനെ വിളിച്ചു വരുത്തി മോഷ്ടാക്കളെ കൈമാറുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ മലപ്പുറം പൊലീസ് സ്റ്റേഷനിൽ അനധികൃത മണൽ കടത്തിന് ബന്തവസ്സിലെടുത്ത് സൂക്ഷിച്ചിരുന്ന ആറോളം ലോറികളിൽ നിന്നും സംഘം ബാറ്ററികൾ മോഷ്ടിച്ചത് ഇവരാണെന്ന് തെളിഞ്ഞു. ലോറികളിലെ ബാറ്ററികൾ മോഷണം നടത്തിയതിന് അന്വേഷണം നടത്തി വരവെയാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]