
ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ തന്നോട് അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് വെളിപ്പെടുത്തി ചരിത്രകാരിയും സെന്റർ ഫോർ ഡെവലപ്മെന്റൽ സ്റ്റഡീസിലെ അധ്യാപികയുമായ ജെ ദേവിക. 2004 ൽ തനിക്കുണ്ടായ ജീവിതാനുഭവമാണ് ദേവിക തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.
മലയാളസിനിമയുടെ തികഞ്ഞ ഫ്യൂഡൽ സ്വഭാവത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കിയ സംഭവമാണിത്. ഡബ്ള്യൂസിസിയോട് പരസ്യമായി കഴിവതും എല്ലാ അഭിപ്രായഭിന്നതകൾക്കും മീതെ ചേർന്നുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈ ഓർമ്മയാണ്. വിദ്യാഭ്യാസം ഇത്രയില്ലായിരുന്നെങ്കിൽ എന്നെ ഒരു ചിന്നവീട്ടുകാരി ആക്കാമായിരുന്നുപോലും കുറച്ചു കഴിയുമ്പോൾ ആ ചിന്നവീടിനെ കൂട്ടുകാർക്കും പങ്കുവയ്ക്കാമല്ലോ എന്നും നിശബ്ദമായി അർത്ഥമാക്കിയിരിക്കണം അയാൾ. ഹേമാ കമ്മിറ്റി റിപ്പോർട്ടു കാണുമ്പോൾ അതാണ് തോന്നുന്നത് എന്നായിരുന്നു ദേവിക ഫേസ്ബുക്കിൽ കുറിച്ചത്.
ഇത് ഒരുപക്ഷെ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ അത് ആത്മനിന്ദയായി പോകുമെന്നും സിനിമയ്ക്കുള്ളിലെ കെട്ട ലൈംഗികാധികാര ഭ്രാന്ത് അതിൽ തൊഴിലെടുക്കുന്നവരെ മാത്രമല്ല ബാധിക്കുന്നത്, അതുമായി ആകസ്മിക ബന്ധം മാത്രം പുലർത്തുന്ന സ്ത്രീകളെപ്പോലും അത് വെറുതേ വിടില്ലായെന്നും ദേവിക പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
”ഇതു കണ്ടപ്പോഴാണ് 2004ൽ എൻറെ ജീവിതത്തിൽ നടന്ന ഒരു സംഭവം ഓർ്മ്മ വന്നത്.
അന്ന് ഞാൻ വളരെ ഹിംസാപരമായ ഒരു ബന്ധത്തിൽ നിന്ന് സ്വയം വിടുതൽ നേടി പത്തും അഞ്ചും വയസ്സുകാരികളായ മക്കളോടൊപ്പം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അനുവദിച്ചുകിട്ടിയ ക്വാട്ടേഴ്സിൽ താമസമാക്കിയത്. സിനിമാപ്രവർത്തകയല്ലെങ്കിൽ പോലും സിനിമയിലെ ആണത്തപ്രകടനം മറ്റു സ്ത്രീകളെയും ബാധിച്ചേക്കാം എന്നു മനസ്സിലായ സംഭവം.
സിനിമയിൽ പ്രശസ്തി നേടിയ ഒരു അടുത്ത ബന്ധുവിൻറെ ഭാര്യ — എന്നെ സംബന്ധിച്ചിടത്തോളം അമ്മയുടെ സ്ഥാനമുള്ളയാൾ — വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഞാൻ അയാളെ വീട്ടിൽ വരാൻ സമ്മതിച്ചത്. അയാളുടെന് പേര് അന്ന് എനിക്കു പരിചിതവുമായിരുന്നു. ഈയാൾ ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്നും അത് വിശ്വോത്തരകൃതിയാണെന്ന് അയാൾ പറയുന്നുവെന്നും എൻറെ ഈ പ്രിയപ്പെട്ട ബന്ധു എന്നോട് പറഞ്ഞു. അത് ഇംഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കാമോ എന്ന് അവർ ചോദിച്ചപ്പോൾ അതെനിക്ക് നിരസിക്കാൻ ആയില്ല.
അങ്ങനെ അയാൾ വീട്ടിൽ വന്നു. രണ്ടു ചെറിയ കുട്ടികളെയും കൊണ്ട് ഒരു ഒടയനില്ലാച്ചരക്ക് എന്നായിരുന്നിരിക്കും അദ്ദേഹത്തിൻറെ അന്നത്തെ നിരീക്ഷണം (എനിക്കന്ന് വയസ്സ് 36). അക്കാദമിക രംഗത്ത്, വിശേഷിച്ച്, അന്താരാഷ്ട്ര അക്കാദമികരംഗത്ത്, പ്രവർത്തിച്ചിരുന്ന എനിക്ക് എല്ലാ സ്പർശവും ലൈംഗികമായി അനുഭവപ്പെട്ടിരുന്നില്ല — തോളിൽ കൈയിട്ടാലോ, തൊട്ടടുത്തിരുന്നാലോ, കെട്ടിപ്പിടിച്ചാലോ എന്തിന് കവിളിൽ മുത്തിയാലോ ഒന്നും ഉടനെ അങ്ങനെ തോന്നിയിരുന്നില്ല, കാരണം വിദേശികളായ സഹപ്രവർത്തകർ പലരും അങ്ങനെ യാതൊരു ലൈംഗിക ഉദ്ദേശ്യവുമില്ലാതെ അങ്ങനെ ചെയ്തിരുന്നതുകൊണ്ട്. ഇയാൾ ആദ്യദിവസം തിരക്കഥയുടെ കരടു കൊണ്ടുവന്നിരുന്നില്ല. അതില്ലാതെ പറയാനാവില്ലെന്ന് ഞാൻ പറഞ്ഞു, ആരുടെയെങ്കിലും കൈയിൽ കൊടുത്തയച്ചാൽ മതിയെന്നു. എൻറെ അവസ്ഥയെക്കുറിച്ചു മറ്റും അയാൾ എങ്ങനെയോ അറിഞ്ഞിരുന്നു — വളരെ സഹതാപത്തോടെ സംസാരിച്ചു. എന്താവശ്യമുണ്ടെങ്കിലും പറയാമെന്നും. രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട നടുകടലിൽ തുഴയാൻ പാടുപെട്ട, അപമാനം മാത്രം സഹിച്ച ഒരു ബന്ധം മൂലം ശരീരം തന്നെ ഏതാണ്ട് മരവിച്ചുപോയിരുന്ന, എനിക്ക് റൊമാൻസ് മനസ്സിലെങ്ങും തീരെയില്ലായിരുന്നു. ഉപചാരം പറഞ്ഞതായിരിക്കുമെന്നേ ഞാനും കരുതിയുള്ളൂ.
എന്നാൽ സ്ക്രിപ്റ്റ് അയാൾ നേരിട്ടുതന്നെ കൊണ്ടുവന്നു. അതിൻറെ ചില ഭാഗങ്ങൾ വായിച്ചുകൊണ്ടിരുന്നപ്പോൾ വന്ന് തോളിൽ പിടിച്ചു. സാധാരണ ലൈംഗികേതര ഉദ്ദേശ്യത്തോടെ അങ്ങനെ ചെയ്യുന്നവർ നമ്മൾ തിരിഞ്ഞുനോക്കിയാൽ കൈവിടും, ഇതങ്ങനെയായിരുന്നില്ല. ഞാൻ പതുക്കെ ആ കൈ തള്ളിക്കളഞ്ഞു. ആശാൻ അല്പമൊന്നു പിൻവലിഞ്ഞു. കുറച്ചുനേരത്തിനു ശേഷം വീണ്ടു അടുത്തേക്ക് ചേർന്നിരിക്കാൻ നോക്കിയപ്പോൾ ഞാൻ സ്വയമറിയാതെ തന്നെ മാറിയിരുന്നു. സംഭാഷണത്തിൽ വിളി നീ എന്നായി, പിന്നെ. പോകാൻ നേരത്തെ ആലിംഗനം അത്ര നന്നായി തോന്നിയില്ല. അടുത്തതവണ ഇത് അനുവദിചുകൂട, ഞാൻ സ്വയം വിചാരിച്ചു. മോഡേൺ ആകാൻ നോക്കുന്ന മലയാളിപുരുഷന്മാർക്ക് പലപ്പോഴും പറ്റാറുള്ള അമളി അല്ല ഇതെന്ന് അപ്പോഴേയ്ക്കും എനിക്ക് ബോധ്യമായിക്കഴിഞ്ഞിരുന്നു.
ഇത്തരം പെരുമാറ്റങ്ങളെ സംസ്കാരപൂർവ്വം നേരിടാം എന്നു കരുതുന്നത് വിഡ്ഢിത്തമാണെന്ന് പിന്നീടുണ്ടായ സംഭവങ്ങളിൽ നിന്നു മനസ്സിലാക്കി. അന്നു രാത്രി ഫോണിൽ അയാൾ വിളിച്ചപ്പോൾ ഞാൻ കാര്യം തുറന്നുചോദിച്ചു. നീ ഇങ്ങനെ ഒറ്റയ്ക്കായിപ്പോയല്ലോ, നിനക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ എന്നുമായിരുന്ന സഹതാപപൂർണമായ മറുപടി. സാരമില്ല, അതല്ല എൻറെ തത്ക്കാലമുള്ള വിഷയമെന്നും, വിവാഹിതരായ ആണുങ്ങൾ ഇത്തരം റിസ്ക് കഴിവതും എടുക്കരുതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ കുടുംബജീവിതത്തിലെ യാന്ത്രികത, മുതലായവ വിളമ്പി. അങ്ങനെയെങ്കിൽ ആ ബന്ധം വേണ്ടെന്നു വയ്ക്കൂ, അവരോടു നീതിപൂർവം പെരുമാറൂ, എന്നിട്ടു വരൂ, എന്നായി ഞാൻ. പ്രത്യേകിച്ച് പ്രണയമൊന്നുമില്ലായിരുന്നു, ഫോൺ കട്ട് ചെയ്താൽ മതിയായിരുന്നു. പക്ഷേ ഞാൻ അന്ന് അനുഭവിച്ച ഒറ്റപ്പെടൽ വലുതായിരുന്നു. അതിലുപരിയായി, എൻറെ അമ്മയെപ്പോലെത്തന്നെയായ ഒരു ബന്ധു ശുപാർശ ചെയ്തയച്ച വ്യക്തിയോട് അനൌപചാരികമായി ഇടപെട്ടതുകൊണ്ട് വളരെ ചെറുതെങ്കിലും തികഞ്ഞ ഔപചാരികത പാലിക്കാനാവാത്ത ഒരു സ്പേസും ഉണ്ടായിക്കഴിഞ്ഞിരുന്നു.
അതു മഹാമണ്ടത്തരമായിപ്പോയി. കാരണം, അത് അയാൾക്ക് ഇടപെടൽ തുടരാൻ ഒരു എക്സ്ക്യൂസ് ആയി. ഉച്ചയ്ക്ക് ഞങ്ങൾ വീട്ടിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് കയറിവന്ന് പപ്പടത്തിൽ പച്ച ചുവയ്ക്കുന്നു എന്നും മറ്റും പറയാൻ അവസരം കിട്ടി. ഫിലിംഫെസ്റ്റിവൽ നടന്ന സമയത്ത് തീയറ്ററിനുള്ളിൽ അടുത്തുവന്നിരുന്ന് സ്വയംഭോഗം ചെയ്യാനും. കറിപൌഡർ, ആറന്മുളക്കണ്ണാടി, ഈ സമ്മാനങ്ങൾ (വേണ്ടെന്നു പറഞ്ഞെങ്കിലും) കൊണ്ടുവരാനും എന്തായാലും അതിനൊന്നും അധികം അവസരം കൊടുക്കാതെ ഞാൻ ഒരു ദിവസം വിളിച്ച് ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അയാളോടു പറഞ്ഞു. അല്ല, നേരിൽ പറയണമെന്ന് അയാൾ. ശല്യം ഒഴിയുമെങ്കിൽ അതാവട്ടെ എന്നു കരുതി, അവസാനമായി വന്നോളൂ എന്ന് ഞാനും പറഞ്ഞു. വീട്ടിലെത്തിയ ഈയാൾ ഒരു സ്ത്രീയെ തൃപ്തിപ്പെടുത്താനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രഖ്യാപിച്ചു. ശരി, നല്ലത്, അതു വേണ്ട ആരെയും തൃപ്തിപ്പെടുത്തിക്കൊള്ളൂ എന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് എൻറെ മനസ്സിൽ ഇത്രയും നാൾ കിടന്ന ഒരു ഡയലോഗ് പ്രത്യക്ഷമായത് — നീ ഇത്ര പഠിത്തമൊന്നും ഇല്ലായിരുന്നെങ്കിൽ, സിനിമയിലൊക്കെ ആയിരുന്നെങ്കിൽ കുറച്ചു ദൂരെ എവിടെയെങ്കിലും നിന്നേം പിള്ളേരേം വീടെടുത്ത് താമസിപ്പിച്ചേനേ ….
ഇതുകേട്ട് അന്തംവിട്ടു ഞാനവിടെ നിന്നപ്പോൾ ഈയാൾ ടോയ്ലറ്റിൽ പോയി jerk off ചെയ്തു,. അങ്ങനെ സ്വയം തൃപ്തിയടയാമെന്ന് വ്യക്തമായല്ലോ, ഇനി ഇവിടെ നിന്ന് ഇപ്പോൾ ഇറങ്ങിക്കൊള്ളണം, ഇവിടെ നല്ല ബലമുള്ള ഇരുമ്പിൻറെ ചെരവത്തടിയുണ്ടെന്ന് പറഞ്ഞതും ആശാൻ ഡിസപ്പിയർ ആയി. അദ്ദേഹത്തിൻറെ ആറന്മുളക്കണ്ണാടി ആ ഫ്ളാറ്റിൻറെ താഴേ എവിടെയോ ഇപ്പോഴും ചിലപ്പോൾ കിടക്കുന്നുണ്ടാകും.
ലൈംഗികവിഡ്ഢികളെ അന്നും ഇന്നും പേടിക്കാത്തതുകൊണ്ടും, എൻറെ ഉപജീവനത്തിനെ ഇതൊന്നും ബാധിക്കാത്തതുകൊണ്ടും, സർവോപരി ജീവിതത്തിൽ ഒറ്റയ്ക്കു പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിൽ, ബൌദ്ധികജീവിതം തന്ന സ്വയംപൂർണതയിൽ, ഇതോർത്ത് വിഷമിച്ചില്ല. പക്ഷേ മലയാളസിനിമയുടെ തികഞ്ഞ ഫ്യൂഡൽ സ്വഭാവത്തെക്കുറിച്ച് എനിക്കു തിരിച്ചറിവുണ്ടാക്കിയ സംഭവമാണിത്. ഡബ്ള്യൂ സിസിയോട് പരസ്യമായി കഴിവതും എല്ലാ അഭിപ്രായഭിന്നതകൾക്കും മീതെ ചേർന്നുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈ ഓർമ്മയാണ്. വിദ്യാഭ്യാസം ഇത്രയില്ലായിരുന്നെങ്കിൽ എന്നെ ഒരു ചിന്നവീട്ടുകാരി ആക്കാമായിരുന്നുപോലും — കുറച്ചു കഴിയുമ്പോൾ ആ ചിന്നവീടിനെ കൂട്ടുകാർക്കും പങ്കുവയ്ക്കാമല്ലോ എന്നും നിശബ്ദമായി അർത്ഥമാക്കിയിരിക്കണം അയാൾ. ഹേമാ കമ്മിറ്റി റിപ്പോർട്ടു കാണുമ്പോൾ അതാണ് തോന്നുന്നത്.
പിന്നീട് ഈയാൾ ചലചിത്ര അക്കാദമിയിൽ പ്രബലനായി നിന്ന് വർഷങ്ങളിൽ ഐഎഫ്എഫ്കെയിൽ ജോലി ചെയ്ത പെൺകുട്ടികളെ ഇയാൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് കഥകൾ പലതും കേട്ടപ്പോൾ, അവ വെറും കഥയാകാനിടയില്ലെന്നു തന്നെ തോന്നി. ഇന്ന് ഇത്രയധികം സ്ത്രീകൾ തങ്ങളനുഭവിച്ച വേദനയും അപമാനവും പങ്കുവയ്ക്കുമ്പോൾ ഇതു പറഞ്ഞില്ലെങ്കിൽ ആത്മനിന്ദയായിപ്പോകും, അതുകൊണ്ട് പറയുന്നു. സത്യമാണ്, സിനിമയ്ക്കുള്ളിലെ കെട്ട ലൈംഗികാധികാര ഭ്രാന്ത് അതിൽ തൊഴിലെടുക്കുന്നവരെ മാത്രമല്ല ബാധിക്കുന്നത്. അതുമായി ആകസ്മിക ബന്ധം മാത്രം പുലർത്തുന്ന സ്ത്രീകളെപ്പോലും അത് വെറുതേ വിടില്ല. മാന്യകളായ സ്ത്രീകൾ സിനിമയിൽ പോകാതിരുന്നാൽ പോരെ എന്നു ചിലർ പറയുന്നതു. അതിനുള്ള മറുപടിയാണ് ഇതിൽ.
By the way — this jackass is not a maker of commercial films, and is recognized as an ‘art’ movie maker. If I did not fear that my poor aunt who is now crossing 80 would be dragged into this, I would have revealed his fucking name too.”
അതേസമയം, പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് പി ജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. സംവിധായകൻ വി കെ പ്രകാശിനെതിരെ യുവ എഴുത്തുകാരി ഡിജിപിക്ക് നൽകിയ പരാതിയും പ്രേത്യേക സംഘത്തിന് കൈമാറും.
ഇതിനിടെ സംവിധായകൻ രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്തുവന്നു. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്നാണ് എഫ്ഐആർ.
Story Highlights : Misbehavior of senior director, J Devika with experience
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]