ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് കേന്ദ്ര സർക്കാർ ശിവശക്തി എന്ന് പേരിട്ടതിന് പിന്നാലെ, ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി വിവാദ പരാമർശവുമായി രംഗത്ത്. ജിഹാദി ചിന്താഗതിക്കാരായ ആളുകൾ ചന്ദ്രനിൽ എത്തുന്നതിന് മുമ്പ് തന്നെ ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്നാണ് സ്വാമി ചക്രപാണി പറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ചന്ദ്രനിലെ ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനമായി ശിവ-ശക്തി പോയിന്റിനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭയ്ക്കും സന്ത് മഹാസഭയ്ക്കും വേണ്ടി താൻ സർക്കാരിന് കത്തയക്കുമെന്നാണ് ഹിന്ദു മഹാസഭ അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്. ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് കേന്ദ്ര സർക്കാർ ശിവശക്തി എന്ന് പേരിട്ടതിനെതിരെ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും ഇസ്ലാമിക പണ്ഡിതന്മാരും ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ബി.ജെ.പി സഖ്യകക്ഷികളും ഹിന്ദു സംഘടനകളും ശിവശക്തി എന്ന് പേരിട്ടതിനെ സ്വാഗതം ചെയ്യുകയാണ്.
ചന്ദ്രയാൻ -3 ലാൻഡിംഗ് പോയിന്റ് ‘ശിവ-ശക്തി’ എന്നും ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്നും അറിയപ്പെടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന് 3 ചന്ദ്രനിൽ പഠനം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂർത്തിയാക്കിയാണ് പേടകം സുരക്ഷിതമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. വിക്രം ലാൻഡറിലെ ആദ്യ നിരീക്ഷണങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടുണ്ട്. പേലോഡായ ചെയിസ്റ്റിൻ്റെ നിരീക്ഷണമാണ് പുറത്തുവിട്ടത്. ചന്ദ്രനിലെ താപനിലയിൽ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപരിതലത്തിൽ 50 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. എട്ട് സെൻ്റിമീറ്റർ താഴെ മൈനസ് പത്ത് ഡിഗ്രി സെൽഷ്യസാണുള്ളത്.
ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്കാൻ ചെയ്യും..ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ഡാറ്റ വിശകലനം ചെയ്യുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]