
ഇന്ന് ജൂലൈ 28 മഹാശ്വേതാ ദേവിയുടെ ചരമദിനം. 2016 ജൂലൈ 28 -നാണ് പ്രിയപ്പെട്ട
എഴുത്തുകാരി വിട വാങ്ങിയത്.
എഴുത്തിലൊതുങ്ങാത്ത രാഷ്ട്രീയം, അതും ലോകം നാവറുക്കാൻ ശ്രമിച്ചവന്റെ നാവിനൊപ്പം, അതായിരുന്നു ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാ ദേവിയുടെ ജീവിതം. ഇന്ന് ജൂലൈ 28 മഹാശ്വേതാ ദേവിയുടെ ചരമദിനം.
2016 ജൂലൈ 28 -നാണ് പ്രിയപ്പെട്ട എഴുത്തുകാരി വിട
വാങ്ങിയത്. 1926 ജനുവരി 14 -നായിരുന്നു ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ മഹാശ്വേതാ ദേവിയുടെ ജനനം.
കവിയും നോവലിസ്റ്റുമായിരുന്ന മനീഷ് ഘട്ടക് അച്ഛൻ. അമ്മയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്നു- ധരിത്രീ ദേവി.
ധാക്കയിൽ തന്നെയാണ് മഹാശ്വേതാ ദേവി തന്റെ സ്കൂൾ പഠനം പൂർത്തിയാക്കിയത്. എന്നാൽ, വിഭജനത്തോടെ കുടുംബം പശ്ചിമബംഗാളിലേക്ക് കുടിയേറി.
ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിലായിരുന്നു ഉന്നതപഠനം. കൽക്കട്ട
സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം. നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകനുമായിരുന്ന ബിജോൻ ഭട്ടാചാര്യയുമായി വിവാഹം.
അതിൽ ഒരേയൊരു മകൻ -എഴുത്തുകാരനായ നബാരുണ് ഭട്ടാചാര്യ. എന്നാൽ, മഹാശ്വേതാദേവിയുടെ വിവാഹജീവിതം അധികകാലം നീണ്ടുനിന്നില്ല.
അവർ അധികം വൈകാതെ തന്നെ വിവാഹമോചിതയായി. 1969 -ലാണ് മഹാശ്വേതാ ദേവി ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്.
ഇതേ സമയത്ത് തന്നെ പത്രപ്രവർത്തനവും എഴുത്തുമുണ്ട്. എന്നാൽ, എഴുത്തിലെ രാഷ്ട്രീയം അവരെ വേറിട്ട് നിർത്തി.
സ്ത്രീകളെയും ദളിതരെയും ആദിവാസികളെയും ഒക്കെ കുറിച്ചാണ് അവർ ഏറെയും എഴുതിയത്. മനപ്പൂർവം, അരികുവൽക്കരിച്ച് നിർത്തിയിരുന്ന ജനതയ്ക്ക് വേണ്ടിയായിരുന്നു അവരുടെ എഴുത്തെന്ന് തോന്നും.
എന്നാൽ, ആ രാഷ്ട്രീയം എഴുത്തിൽ മാത്രം ഒതുങ്ങിയില്ല. ഛത്തീസ്ഗഢ്, ബിഹാർ, മധ്യപ്രദേശ്, തുടങ്ങിയ ഇടങ്ങളിലെ ആദിവാസിക്ഷേമത്തിനായി അവർ നേരിട്ടിറങ്ങി.
അതുപോലെ തന്നെ കർഷകസമരങ്ങൾക്കൊപ്പം നിന്നു. ഇടതുപക്ഷത്തിനൊപ്പമായിരുന്നു തുടക്കകാലത്തെ മഹാശ്വേതാ ദേവിയുടെ യാത്രയെങ്കിലും എഴുത്തിലും അല്ലാതെയും ഇടതുപക്ഷത്തെ വിമർശിക്കാൻ അവർ മടിച്ചു നിന്നില്ല.
2011-ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനുവേണ്ടിയാണ് അവർ പ്രചരണത്തിനിറങ്ങിയത്. 1956 -ൽ പുറത്തിറങ്ങിയ ‘ഝാൻസി റാണി’ എന്ന കൃതിയിലൂടെ മഹാശ്വേതാ ദേവിയെന്ന എഴുത്തുകാരിയെ ലോകമറിഞ്ഞു.
ഹജാർ ചുരാഷിർ മാ, ആരണ്യേർ അധികാർ, അഗ്നി ഗർഭ, ഛോട്ടി മുണ്ട ഏവം ഥാർ ഥീർ, ബഷായ് ടുഡു, തിത്തു മിർ, ദ്രൗപതി, രുധാലി, ബ്യാധ്ഖണ്ടാ, ദി വൈ വൈ ഗേൾ എന്നിവയാണ് മഹാശ്വേതാ ദേവിയുടെ പ്രധാന കൃതികൾ.
അനേകം പുരസ്കാരങ്ങളും മഹാശ്വേതാ ദേവിയെ തേടിയെത്തി. 1979 -ൽ ആരണ്യേർ അധികാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 1986 -ൽ പത്മശ്രീ, 1996 -ൽ ജ്ഞാനപീഠം.
1997 -ൽ മാഗ്സസെ അവാർഡ്, 2006 -ൽ പത്മ വിഭൂഷൺ, 2011 -ൽ ബംഗാബിഭൂഷൺ. എന്തായിരുന്നു മഹാശ്വേതാ ദേവി എന്ന് ചോദിച്ചാൽ തിരിച്ച് എന്തായിരുന്നില്ല മഹാശ്വേതാ ദേവി എന്ന് ചോദിക്കേണ്ടി വരും.
കലയ്ക്കും സാഹിത്യത്തിനും ഈ സമൂഹത്തോട് ഇവിടെ അവഗണിക്കപ്പെട്ട മനുഷ്യരോട് എന്തെങ്കിലും ചെയ്യാൻ കടമയുണ്ടെങ്കിൽ അതിനൊപ്പം നടന്നയാളായിരുന്നു ആ വലിയ എഴുത്തുകാരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]