
ബാൾട്ടിക് കടലിലെ മുങ്ങൽ വിദഗ്ദർ കഴിഞ്ഞ ദിവസം ഒരു വിശേഷപ്പെട്ട ‘നിധിശേഖരം’ കണ്ടെത്തി. ആദ്യം ആ അവശിഷ്ടങ്ങൾ കണ്ടപ്പോൾ അവർ കരുതിയത് അത് മത്സ്യബന്ധന ബോട്ടാണെന്നാണ്. എന്നാൽ, ആഴക്കടലിൽ എത്തി പരിശോധന നടത്തിയപ്പോൾ കണ്ടതാകട്ടെ, ഷാംപെയ്ൻ, വൈൻ, മിനറൽ വാട്ടർ, പോർസലൈൻ എന്നിവ നിറച്ച 19 -ാം നൂറ്റാണ്ടിലെ ഒരു കപ്പൽ.
പോളിഷ് ഡൈവിംഗ് ഗ്രൂപ്പായ ബാൾട്ടിടെക്കിലെ ടോമാസ് സ്റ്റച്യൂറയാണ് കൗതുകം നിറഞ്ഞ ഈ കണ്ടത്തലിന് പിന്നിൽ. കപ്പൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇവർ നൂറു കുപ്പി ഷാംപെയ്ൻ കണ്ടെത്തി. റഷ്യയിലെ ഏതെങ്കിലും പ്രഭു കുടുംബത്തിലേക്ക് കയറ്റി അയച്ചതാകാം ഇതെന്നാണ് ഡൈവിംഗ് സംഘത്തിൻറെ നിരീക്ഷണം. സ്വീഡിഷ് ദ്വീപായ ഒലാൻഡിന് 20 നോട്ടിക്കൽ മൈൽ (37 കിലോമീറ്റർ) തെക്ക് ഭാഗത്തായിരുന്നു കണ്ടെത്തൽ. ഈ കണ്ടത്തലിനെ സംഘാംഗങ്ങൾ ‘നിധി’ എന്നാണ് വിശേഷിപ്പിച്ചത്.
കപ്പൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയ മിനറൽ വാട്ടർ നിറച്ച നിലയിലായിരുന്നു. കളിമൺ കുപ്പികളുടെ കാലപ്പഴക്കം നിർണയിച്ചാണ് കപ്പൽ 1850 -നും 1867 -നും ഇടയിൽ നിർമിച്ചതാണെന്ന നിഗമനത്തിലേക്ക് എത്തിയത്. സെൽറ്റേഴ്സ് എന്ന ജർമൻ കമ്പനിയാണ് കുപ്പിവെള്ളം നിർമിച്ചിരിക്കുന്നത്. അന്നത്തെ കാലത്ത് ഔഷധമെന്നോണം പരിഗണിച്ചിരുന്ന ഈ മിനറൽ വാട്ടർ കൊട്ടാര തീൻമേശകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.
റഷ്യയിലെ സാർ നിക്കോളാസ് ഒന്നാമന് വേണ്ടി സെന്റ് പീറ്റേഴ്സ്ബർഗിലേക്കോ സ്റ്റോക്ഹോമിലേക്കോ കൊണ്ടുപോകും വഴിയാവാം കപ്പൽ മുങ്ങിപ്പോയതെന്ന് ഡൈവിങ് സംഘത്തിലുള്ള തോമസ് സ്റ്റച്യൂറ അഭിപ്രായപ്പെടുന്നു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മിനറൽ വാട്ടറും ഷാംപെയ്നും ഇന്നും ഉപയോഗിക്കാൻ കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ടെത്തിയ വസ്തുക്കൾ പുരാവസ്തു ഗവേഷകരുടെയും അധികാരികളുടെയും കൂടി സാന്നിധ്യത്തിൽ ആയിരിക്കും കരയിലേക്ക് എത്തിക്കുക.
Last Updated Jul 28, 2024, 4:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]