
ദില്ലി: മലയാളിയായ കെ. കൈലാഷ്നാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ്. ഒൻപത് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവൻ പുറത്തിറക്കി. കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ച കെ. കൈലാഷ്നാഥൻ 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. പിന്നീട് ആനന്ദി ബെൻ പാട്ടീൽ, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേൽ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
പഞ്ചാബ് ചണ്ഡിഗഡ് ഗവർണറായിരുന്ന ബെൻവാരിലാൽ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവിൽ അസം ഗവർണറായ ഗുലാബ് ചന്ദ് ഘട്ടാരിയയെയാണ് പകരം ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. സിക്കിം ഗവർണറായ ലക്ഷമൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഓം പ്രകാശ് മാതുർ സിക്കിം ഗവർണറായി ചുമതലയേൽക്കും. രാജസ്ഥാൻ, തെലങ്കാന, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിച്ചിരിക്കുന്നത്.
Last Updated Jul 28, 2024, 1:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]