
ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. മൂന്നുദിവസമായി ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയിൽ പ്രധാന ചർച്ച നടക്കുക. കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്.
ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പി ബി നിർദേശം. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മാറുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം സീതാറാം യെച്ചൂരി തള്ളാതിരുന്നത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഏതുതരം തിരുത്തൽ വേണമെന്നതിൽ ദില്ലിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെടുക്കുന്ന തീരുമാനം നിർണായകമാകും. സംസ്ഥാനങ്ങളിലെ റിപ്പോർട്ടും കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ചയാകും.
ഇതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം തിരുവനന്തപുരം ജില്ലാ നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്ന് ജില്ലാ സെക്രട്ടറിയേറ്റും നാളെയും മറ്റെന്നാളും ജില്ലാ കമ്മിറ്റിയുമാണ് ചേരുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് അവലോകനം ചെയ്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തെറ്റു തിരുത്തൽ നടപടികളുമായി മുന്നോട്ട് പോകാൻ സിപിഎം തീരുമാനിച്ചിരുന്നു.
ജില്ലാ തലങ്ങളില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് അത് ഏതു രീതിയിൽ വേണമെന്ന് സിപിഎം അന്തിമമായി തീരുമാനിക്കുക. സര്‍ക്കാരിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അന്തിമമാക്കുക ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് ഇതിനായി ചേര്‍ന്ന മിക്ക ജില്ലാ കമ്മിറ്റികളിലും കടുത്ത വിമര്‍ശമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും നേരിടുന്നത്.
Last Updated Jun 28, 2024, 6:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]