

First Published Jun 27, 2024, 7:03 PM IST
കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കിഫ്ബി വഴി 558.68 കോടി രൂപ ചെലവില്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. അവയവദാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഒരു കുടക്കീഴില് കൊണ്ടു വരുന്നതിനാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടുള്ള ചികിത്സ, അധ്യാപനം, പരിശീലനം, ഗവേഷണം, അവയവദാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സാധ്യമാകും. അവയവങ്ങള്‍ക്ക് കേടുപാട് വന്നവരുടെ ചികിത്സ മുതല്‍ അവയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും പുനരധിവാസവും വരെയുള്ള സമഗ്ര പരിചരണം സാധ്യമാക്കുന്ന തരത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ചേവായൂരില്‍ 20 ഏക്കറിലാണ് ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
6 നിലകളുള്ള 4 ബ്ലോക്കുകളുണ്ടാകും. 219 ജനറല്‍ കിടക്കകള്‍, 42 പ്രത്യേക വാര്‍ഡ് കിടക്കകള്‍, 58 ഐസിയു കിടക്കകള്‍, 83 എച്ച്ഡിയു കിടക്കകള്‍, 16 ഓപ്പറേഷന് റൂമുകള്‍, ഡയാലിസിസ് സെന്റര്‍, ട്രാന്സ്പ്ലാന്റേഷന് ഗവേഷണ കേന്ദ്രം എന്നിവയുള്‍പ്പെടെ 510 കിടക്കകളുള്ള അത്യാധുനിക ആശുപത്രി സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 330 കിടക്കകളും 10 ഓപ്പറേഷന് തീയറ്ററുകളും രണ്ടാം ഘട്ടത്തില്‍ 180 കിടക്കകളും 6 ഓപ്പറേഷന് തീയറ്ററുകളും സജ്ജമാക്കുന്നതാണ്. ആദ്യ ഘട്ടത്തില്‍ 14 സ്പെഷ്യാലിറ്റി വിഭാഗങ്ങളും രണ്ടാം ഘട്ടത്തില്‍ 7 സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഉണ്ടാകും. അധ്യാപനത്തിലും വലിയ പ്രാധാന്യം നല്കുന്നു. 31 അക്കാദമിക് കോഴ്സുകള്‍ ആരംഭിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നു.
കോര്‍ണിയ, വൃക്ക, കരള്‍, കുടല്, പാന്‍ക്രിയാസ്, ഹൃദയം, ശ്വാസകോശം, മജ്ജ, സോഫ്റ്റ് ടിഷ്യൂ, കൈകള്‍, ബോണ്‍ മാറ്റിവയ്ക്കല്‍ തുടങ്ങിയവയെല്ലാം ഈ സെന്ററിലൂടെ സാധ്യമാകും. സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയത്.
സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 2.20 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. അവയവദാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ കെ-സോട്ടോ രൂപീകരിച്ചു. ഇതുകൂടാതെയാണ് ഈ രംഗത്ത് മികച്ച മാതൃകയായി ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിദഗ്ധ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ഒരു പ്രത്യേക സ്ഥാപനമായിരിക്കുമത്.
Last Updated Jun 27, 2024, 7:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]