
ചേട്ടാ മൂന്ന് പൊറോട്ടയും ഒരു ബീഫ് ഫ്രൈയും… ലേശം ഗ്രേവി കൂടെ ഒഴിച്ചോട്ടോ… ഹോട്ടലുകളിലും തട്ടുകടയിലുമൊക്കെ കയറി ഇങ്ങനെ ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളവരായിരിക്കും പലരും. ബീഫ് ഫ്രൈയോ മറ്റ് കറികളോ ഒന്നും വാങ്ങിക്കാൻ കാശ് ഇല്ലാതെ വരുമ്പോൾ പൊറോട്ടയും ഗ്രേവിയും കഴിച്ച് വിശപ്പടക്കുന്നവരും ഏറെയുണ്ട്. പക്ഷേ, ഗ്രേവി അങ്ങനെ കൊടുക്കാൻ ഹോട്ടലുകൾക്ക് നിയപരമായ ബാധ്യതയൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
ഗ്രേവി ഇല്ലാട്ടോ..!
ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് സീനിയര്‍ സൂപ്രണ്ട് ആയി വിരമിച്ച എറണാകുളം പുത്തൻകുരിശ് സ്വദേശി ഷിബു എസ് വയലകത്തും സുഹൃത്തും 2024 നവംബർ മാസത്തിലാണ് കോലഞ്ചേരി പത്താം മൈലിലെ ‘ദി പേർഷ്യൻ ടേബിൾ’ എന്ന റെസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറിയത്. പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ നല്കിയപ്പോൾ ലേശം ഗ്രേവി കൂടെ ചോദിച്ചു. അത് നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. ഗ്രേവി കൊടുക്കുന്നില്ലെന്നാണ് ഹോട്ടലുകാര്‍ പറഞ്ഞത്. എന്നാല്‍, വളരെ ഡ്രൈ ആയിട്ടുള്ള ഭക്ഷണം കഴിക്കുമ്പോൾ ലേശം ഗ്രേവി കൂടെ നല്കിയാല് എന്താണ് എന്നാണ് ഷിബു എസ് വയലകത്ത് ചോദിക്കുന്നത്. നാല് പൊറോട്ടയ്ക്കും ഒരു ബീഫ് ഫ്രൈക്കും ഏകദേശം 300 രൂപയോളമാണ് ബിൽ വന്നത്. ഇനി സൗജന്യമായി നൽകാൻ പറ്റില്ലെങ്കിൽ ആ കാര്യം പറയാമായിരുന്നു. പേയ്മെന്റ് ഉണ്ടെന്ന് പറഞ്ഞാലും പ്രശ്നങ്ങളില്ലെന്നും ഷിബു എസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
നിയമവഴിയിൽ
ആദ്യം കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്കാണ് ഷിബു പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫീസറും ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. ഭക്ഷണത്തിന്റെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പരാതിയില്ല. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ലഭ്യമാക്കിയില്ല എന്നതാണ് പരാതിക്കാരൻ ഉന്നയിച്ചത്.
എന്നാൽ, സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റെസ്റ്ററന്റ് വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം – സെക്ഷൻ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാൽ, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കിൽ എതിർ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്കർഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയിൽ സംഭവിച്ചിട്ടുള്ള ന്യൂനതയാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ, ഗ്രേവി നൽകേണ്ടതിന് എന്തെങ്കിലും നിയമപരമായതോ അല്ലെങ്കിൽ കരാറിലൂടെയോ ബാധ്യത എതിർകക്ഷിക്ക് ഉണ്ടെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ല. അതിനാൽ, പൊറട്ടയും ബീഫ് നൽകുമ്പോൾ ഗ്രേവി സൗജന്യമായി നല്‍കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാവില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി നിരാകരിച്ചു കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.
ഇനിയെന്ത്?
ഗ്രേവിക്ക് വേണ്ടിയുള്ള നിയമപോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഷിബു എസ് വയലകത്ത് വ്യക്തമാക്കി. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഇപ്പോൾ വിധി പറഞ്ഞത്. ഇതിനെതിരെ സംസ്ഥാന കമ്മീഷനില്‍ അപ്പീല്‍ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം വാര്‍ത്ത ആയതോടെ ഗ്രേവി പല ഹോട്ടലുകാരും നൽകാത്ത അവസ്ഥയുണ്ട്. സാധാരണക്കാർക്കും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന നിരവധി ചെറുപ്പക്കാര്‍ക്കും ഒക്കെ കറിയൊന്നും വാങ്ങാൻ പണമില്ലാത്ത അവസ്ഥയിൽ ഗ്രേവി വലിയ ഒരു ആശ്വാസമായിരുന്നു. എല്ലാം ബിസിനസ് ആണെങ്കിലും ഭക്ഷണം നൽകുന്നത് ഒരു സേവനം കൂടിയല്ലേ. അതുകൊണ്ട് ഗ്രേവിക്ക് വേണ്ടിയുള്ള നിയമപോരാട്ടം തുടരാൻ തന്നെയാണ് തീരുമാനമെന്നും ഷിബു എസ് വയലകത്ത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]