
തിരുവനന്തപുരം: വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. തോന്നയ്ക്കലിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലതരത്തിലുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിനുള്ള സൗകര്യം കൂടി ഉള്ളിടത്തായിരിക്കണം പാര്‍ക്കുകള്‍ വികസിപ്പിക്കേണ്ടത്. തോന്നയ്ക്കലില്‍ 2011 ല്‍ ഗ്ലോബല്‍ ആയുര്‍വേദ പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്താണ് ഇപ്പോള്‍ മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. അന്നുമുതല്‍ വെറുതേ കിടന്ന സ്ഥലം 2023 ലാണ് മറ്റാവശ്യത്തിന് ഉപയോഗിക്കാനാകും വിധത്തില്‍ സ്വഭാവം മാറ്റി അനുമതി ലഭ്യമാക്കിയത്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ഉടന്‍ തന്നെ മുഴുവന്‍ യൂണിറ്റുകളും സംരംഭകര്‍ക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ വ്യവസായ സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലമാണ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ ഉണ്ടായ നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം നിര്‍മാണം തുടങ്ങും. സംഗമത്തില്‍ വന്ന വ്യവസായ നിര്‍ദ്ദേശങ്ങള്‍ യഥാര്‍ഥ്യമാക്കാന്‍ പ്രത്യേകം ടീം തന്നെ സൂക്ഷ്മമായ പരിശോധനകള്‍ നടത്തി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വ്യവസായ അന്തരീക്ഷം മാറുകയും കൂടുതല്‍ സംരംഭങ്ങള്‍ വരികയും ചെയ്യുന്നതോടെ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ ജോലി കണ്ടെത്താനുള്ള അവസരങ്ങളും വര്‍ധിക്കുമെന്നും തോന്നയ്ക്കലില്‍ ഭൂമി അനുവദിച്ചു കിട്ടിയ സംരംഭകര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തങ്ങളുടെ യൂണിറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]