
കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തും പൂവാറിലും; തീരത്തടിഞ്ഞ് നർഡിൽ: ശുചീകരണം ഡ്രോൺ സർവേയ്ക്കുശേഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കൊച്ചിയില്‍ മുങ്ങിയ കൂടുതല്‍ കണ്ടെയ്നറുകള്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ അടിഞ്ഞു. വിഴിഞ്ഞം, പൂവാര്‍ എന്നിവിടങ്ങളിലാണു രാവിലെ ഓരോ കണ്ടെയ്നറുകള്‍ കണ്ടത്. കണ്ടെയ്നറില്‍നിന്നുള്ള വസ്തുക്കള്‍ പൊഴിയൂര്‍ തീരത്തും അടിഞ്ഞിട്ടുണ്ട്. വര്‍ക്കല, പാപനാശം, മാന്തറ, ഓടയം, അഞ്ചുതെങ്ങ്, തുമ്പ എന്നിവിടങ്ങളില്‍ ഇന്നലെ കണ്ടെയ്നറുകള്‍ അടിഞ്ഞതിനെ തുടര്‍ന്ന് അതില്‍നിന്നുള്ള വസ്തുക്കള്‍ തീരത്ത് പരന്നു കിടക്കുകയാണ്. പ്ലാസ്റ്റിക് സാമഗ്രികൾ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവായ പോളിപ്രൊപ്പിലിൻ തെർമോ പ്ലാസ്റ്റിക് പോളിമറും (നർഡിൽ) കട്ടിയേറിയ പേപ്പർ കഷ്ണങ്ങളും കോട്ടണുമാണ് കണ്ടെയ്നറുകളിൽ. ബീച്ചുകളില്‍നിന്ന് ഇത്തരം വസ്തുക്കള്‍ നീക്കി ശുചീകരിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു. , , സ്റ്റുഡന്റ് പൊലീസ്, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ മുതല്‍ ശുചീകരണം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തീരത്ത് ഡ്രോണ്‍ സര്‍വേ നടത്തിയതിനുശേഷം ശുചീകരണം നടത്തിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
എന്താണ് നര്‍ഡില്‍
1. ചെറിയ പ്ലാസ്റ്റിക് തരികളെ ആണ് നര്‍ഡില്‍ എന്ന് വിളിക്കുന്നത്. ഇവ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.
2. ഇവ നശിക്കാൻ വർഷങ്ങളെടുക്കും.
3. ഇവ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അപകടകരമല്ല.
നര്‍ഡില്‍ മൂലമുള്ള പാരിസ്ഥിതിക പ്രശ്നം
1. മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവ ഭക്ഷണം ആണ് എന്നു കരുതി ഭക്ഷിക്കുകയും ഇവ ദഹിക്കാതെ അവയുടെ ദഹന പ്രക്രിയയെ ബാധിക്കുകയും ചെയ്യും. മനുഷ്യന്റെ ഭക്ഷ്യ ശൃംഗലയില്‍ എത്തുന്നത് ഉചിതം അല്ല.
എന്താണ് ചെയ്യേണ്ടത്
1. നര്‍ഡില്‍ പടര്‍ന്ന തീരം മുഴുവന്‍ ഡ്രോണ്‍ സര്‍വേ ചെയ്യുക.
2. ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ (18 വയസ്സില്‍ മുകളില്‍) ഏകോപിപ്പിക്കുവാന്‍ ഒരു സൂപ്പര്‍വൈസറെ നിയോഗിക്കുക. പൊലീസ്, അഗ്നി രക്ഷാ സേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ആണ് ഇത്തരത്തില്‍ നിയോഗിക്കേണ്ടത്.
3. സന്നദ്ധ പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് സ്കൂപ്, മണ്‍വെട്ടി, തൂമ്പ എന്നിവ ഉപയോഗിച്ചു ചെറു പ്ലാസ്റ്റിക് തരികള്‍ കോരി പ്ലാസ്റ്റിക് ചാക്കുകളിലേക്കു മാറ്റണം.
4. തീരത്തെ നിലംപറ്റിയ ചെടികളില്‍ പറ്റിപിടിച്ച് ഇരിക്കുന്നത് കണ്ടാല്‍ ചെടിയും നര്ഡിലും ഉള്‍പ്പെടെ കോരി ചാക്കില്‍ ആക്കണം.
5. ഓരോ 100 മീറ്ററില്‍നിന്നു ശേഖരിക്കുന്ന ചാക്കുകള്‍ തിര അടിക്കാത്ത ഭാഗത്ത്, കരയിലേക്കു മാറ്റി മഴയത്ത് ഒലിച്ചു പോകാത്ത തരത്തില്‍ റോഡ് ഗതാഗതം ഉറപ്പാക്കാവുന്ന സ്ഥലത്ത് കെട്ടി കൂട്ടം ആയി സൂക്ഷിക്കണം.
6. ശേഖരിച്ച മാലിന്യം, ചാക്ക് ചെരിഞ്ഞ് മറ്റിടങ്ങളില്‍ പതിക്കാതിരിക്കാന്‍ ചാക്കിന്റെ തുറന്ന ഭാഗം നന്നായി കെട്ടി അടയ്ക്കുക.
7. ചാക്കുകള്‍ കൂട്ടി വച്ചിരിക്കുന്ന ചിത്രം, അക്ഷാംശം / രേഖാംശം. ഇവ ശേഖരിച്ച തീയതി എന്നിവ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച് ഡേറ്റ ബേസ് ആയി സൂക്ഷിക്കണം.
8. നര്‍ഡില്‍ ആണ് എന്നു തെറ്റിദ്ധരിച്ച് മറ്റു വെളുത്ത നിറത്തിലെ പൊടികള്‍ കണ്ടാല്‍ തൊടാതെ ഇരിക്കുക. സംശയം ഉള്ള വസ്തുക്കള്‍ കണ്ടാല്‍ ചിത്രം എടുത്ത് സ്ഥലത്തെ സൂപ്പര്‍ വൈസര്‍ ആയ പൊലീസ്, അഗ്നി രക്ഷാ സേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. നര്‍ഡില്‍ ആണ് എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ ശേഖരിക്കാവൂ.
9. നര്‍ഡില്‍ ശേഖരിക്കുമ്പോള്‍ കയ്യുറ, മാസ്ക് എന്നിവ ധരിക്കണം.
10. പൊട്ടാത്ത നര്‍ഡില്‍ പാക്കറ്റുകള്‍ എടുത്തു മാറ്റി അതത് 100 മീറ്ററില്‍ ഉള്ള ശേഖരണ സ്ഥലത്ത് എത്തിക്കണം. ഇത്തരത്തില്‍ പാക്കറ്റുകള്‍ എടുക്കുമ്പോള്‍ അവ പൊട്ടാതിരിക്കാന്‍ അടിയില്‍ താങ്ങ് നല്കി മാറ്റുക.
11. നിലവില്‍ വലിയ മണ്ണുമാന്തികള്‍ ഉപയോഗിക്കേണ്ടതില്ല. ഈ നര്‍ഡിലുകള്‍ കുറച്ചു ദിവസം കൂടി കടലില്‍നിന്ന് ഒഴുകി വരുവാനും ഇതേ തീരത്ത് അടിയുവാനും ഉള്ള സാധ്യത ഉണ്ട്. അപ്പോള്‍ വീണ്ടും ഇതേ പ്രദേശത്തുനിന്ന് അവ ശേഖരിക്കേണ്ടി വരും. ആയതിനാല്‍ മേല്‍ മണ്ണ് പൂര്‍ണമായും നീക്കുന്നത് തീരത്തിനു സഹായകരം അല്ല.
12. ഓരോ 100 മീറ്ററില്‍ സൂക്ഷിച്ചിട്ടുള്ള ചാക്കുകളില്‍നിന്ന് ഒന്ന് സാംപിള്‍ ആയി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രത്യേകം സംഭരണ കേന്ദ്രത്തില്‍ സൂക്ഷിക്കണം.
13. സംഭരിച്ച നര്‍ഡില്‍ ചാക്കുകള്‍ അതത് ദിവസം എറണാകുളത്തെ ഹസാര്‍ഡ്സ് മെറ്റീരിയല്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് അയയ്ക്കണം.
14. നിയമ നടപടികള്‍ അവസാനിക്കുന്ന മുറയ്ക്കു നശിപ്പിക്കുകയോ നര്‍ഡില്‍ ആവശ്യമുള്ള കമ്പനിക്കു നല്‍കുകയോ ചെയ്യണം.
15. ഓരോ 100 മീറ്ററിലും പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ പേര്. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ അഗ്നി രക്ഷാ വകുപ്പ് ശേഖരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു ലഭ്യമാക്കണം.
16 സന്നദ്ധ പ്രവര്‍ത്തകരുടെ യാത്ര, ഭക്ഷണം, ചായ, ലഘു ഭക്ഷണം, കയ്യുറ, മാസ്ക് എന്നിവയ്ക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ ഫ്ളഡ് അതര്‍ ഐറ്റം ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കുവാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുമതിയുണ്ട്.
സന്നദ്ധ സേവകരുടെ സുരക്ഷ
1 സന്നദ്ധ സേവനത്തിനു വരുന്നവര്‍ അനുയോജ്യമായ കയ്യുറകള്‍, മാസ്ക് എന്നിവ ധരിക്കുക.
2. തിരയില്‍നിന്നു മാറി സുരക്ഷിതമായ തീരത്തുള്ള നര്‍ഡില്‍സ് മാത്രം ഇപ്പോള്‍ ശേഖരിച്ചാല്‍ മതി. തിരയുടെ മുകളിലോ തൊട്ടടുത്തോ ഉള്ളവ, കരക്കടിയുന്നത് അനുസരിച്ചു പിന്നീട് ശേഖരിക്കാം ഇതിനായി വെള്ളത്തില്‍ ഇറങ്ങരുത്.
3. പാറയിടുക്കുകള്‍, പുലിമുട്ടിന് ഇടയില്‍, കടല്‍ ഭിത്തിയുടെ ഇടയില്‍, കടലിനുള്ളില്‍ കാണുന്ന നര്‍ഡില്‍ പാക്കറ്റുകള്‍, നര്‍ഡില്‍ തരികള്‍ എടുക്കുവാന്‍ ശ്രമിക്കരുത്.
4. അപകടകരമായ രീതിയില്‍ ഒരു നടപടിയും സന്നദ്ധ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നില്ല എന്ന് സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പ് വരുത്തണം