
ധാക്ക: 1971 ലെ വിമോചന യുദ്ധകാലത്ത് പാക് സൈന്യത്തോടൊപ്പം കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജമാഅത്തെ ഇസ്ലാമി നേതാവ് എടിഎം അസ്ഹറുൽ ഇസ്ലാമിനെ ജയിലിൽ നിന്ന് മോചിപ്പിച്ചു. അസ്ഹറുൽ ഇസ്ലാമിനെതിരെ ബംഗ്ലാദേശ് സുപ്രീം കോടതി എടിഎം അസ്ഹറുൽ ഇസ്ലാമിനെ കുറ്റവിമുക്തനാക്കിയതിനെ തുടർന്നാണ് ജയിൽ മോചിതനായത്. 2014 ൽ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു.
കെരാനിഗഞ്ചിലെ ധാക്ക സെൻട്രൽ ജയിലിൽ മോചന നടപടികൾ പൂർത്തിയാക്കിയ ശേഷം, ഇസ്ലാമിനെ പരിശോധനയ്ക്കായി ബംഗ്ലാദേശ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുവന്നു. രാവിലെ 9.30 ഓടെ അദ്ദേഹത്തെ വിട്ടയച്ചു. രംഗ്പൂർ ജില്ലയിലെ ബദർഗഞ്ചിലെ ലോഹാനിപാറ ഗ്രാമത്തിലാണ് ഇപ്പോൾ 73 വയസ്സുള്ള എ.ടി.എം. അസ്ഹറുൾ ഇസ്ലാം ജനിച്ചത്. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ അൽ-ബദർ മിലിഷ്യയുടെ കമാൻഡറായിരുന്നു. വിപ്ലവം അടിച്ചമർത്തുന്നതിൽ പാകിസ്ഥാൻ സൈന്യത്തെ പിന്തുണച്ചു. 1971 ഏപ്രിലിൽ ജറുർബീൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയതിന് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. 1,256 നിരപരാധികളായ സാധാരണക്കാരെ ക്രൂരമായി കൊലപ്പെടുത്തുകയും 13 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവമായിരുന്നു രംഗ്പൂർ ഡിവിഷനിൽ നടന്നത്.
മുഹമ്മദ് യൂനുസ് സർക്കാർ പുനഃസംഘടിപ്പിച്ച സുപ്രീം കോടതിയുടെ അപ്പീൽ അതോറിറ്റി മെയ് 27 ന് ഇയാളെ കുറ്റവിമുക്തനാക്കി, മറ്റ് കേസുകളൊന്നുമില്ലെങ്കിൽ അദ്ദേഹത്തെ വിട്ടയക്കാമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സയ്യിദ് റഫാത്ത് അഹമ്മദ് അധ്യക്ഷനായ ഏഴ് ജഡ്ജിമാരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുൻ വിധിയിൽ തെളിവുകളുടെ അഭാവം പരിഗണിച്ചില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2019 ൽ അദ്ദേഹത്തിന്റെ അപ്പീൽ നേരത്തെ തള്ളിയിരുന്നു. ഇതേ കേസിൽ നാല് ജമാഅത്ത് നേതാക്കളും ബംഗ്ലാദേശ് നാഷണൽ പാർട്ടിയിലെ ഒരാളും ഉൾപ്പെടെ അഞ്ച് പ്രതികളെ തൂക്കിലേറ്റി.
മറ്റൊരു കേസിൽ, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസീദ് ജോയിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് മാധ്യമപ്രവർത്തകൻ ഷഫീക് റഹ്മാനെ മെയ് 27 ന് ധാക്ക കോടതി കുറ്റവിമുക്തനാക്കി. മുമ്പ് 2023 ൽ അദ്ദേഹത്തിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]