
‘യുഡിഎഫ് ഒരു വടിയെ നിർത്തിയാലും കുഴപ്പമില്ല; സ്ഥാനാർഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടുപോലും പോകരുത്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിച്ചേക്കുമെന്ന സൂചനകൾക്കിടെ യുഡിഎഫിനെതിരെ പി.വി.അൻവർ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പിൻവലിച്ച് പിന്തുണ നൽകിയിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഒരു നന്ദിവാക്ക് പോലുമുണ്ടായില്ലെന്ന് അൻവർ പറഞ്ഞു. സ്ഥാനാർഥിയായിരുന്ന മിൻഹാജിനെ പിൻവലിച്ചപ്പോൾ അദ്ദേഹത്തെ യുഡിഎഫ് പ്രചാരണ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. വോട്ടെടുപ്പ് ദിവസം ബൂത്തിലിരുന്ന യുഡിഎഫ് പ്രവർത്തകർക്ക് ബിരിയാണി വച്ചു നൽകിയത് മിൻഹാജിന്റെ നേതൃത്വത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം പോലും മിൻഹാജിനെ വിളിച്ച് ആരും നന്ദി പറഞ്ഞില്ല. അപമാനിതനായതിന് പിന്നാലെയാണ് അദ്ദേഹം സിപിമ്മിൽ ചേർന്നതെന്ന് അൻവർ പറഞ്ഞു. വയനാട് ലോക്സഭാ ഉപതിഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ നൽകി. പ്രിയങ്ക ഗാന്ധിക്ക് ഏറ്റവുമധികം വോട്ടു വർധിച്ചത് നിലമ്പൂർ മണ്ഡലത്തിലാണ്. അന്ന് ആര്യാടൻ ഷൗക്കത്തും വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞതാണ്.
യുഡിഎഫിന് കത്ത് കൊടുത്തിട്ട് നാലു മാസം കഴിഞ്ഞു. ഈ മാസം രണ്ടിന് കോഴിക്കോട്ട് യുഡിഎഫ് യോഗം ചേർന്നപ്പോൾ ഈ കത്ത് ചർച്ച ചെയ്യുകയും താനുമായി സഹകരിച്ച് പോകാൻ തീരുമാനിച്ചതുമാണ്. അന്ന് യുഡിഎഫ് കൺവീനറായിരുന്ന എം.എം.ഹസൻ ഇക്കാര്യങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഏൽപ്പിച്ചതാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. എന്നാൽ പിന്നീട് ഇതു സംബന്ധിച്ച് ഒരു വിവരവുമില്ല. പലതവണ വി.ഡി.സതീശനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല.
ഈ മാസം 15ന് എറണാകുളത്തുള്ള ഒരു സുഹൃത്തു വഴി അദ്ദേഹത്തെ ബന്ധപ്പെട്ടു. സുഹൃത്തിന്റെ വീട്ടിൽ വച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം പിരിയുമ്പോൾ നാളെ അല്ലെങ്കിൽ മറ്റന്നാൽ ഇക്കാര്യങ്ങൾ വാർത്താസമ്മേളനം വിളിച്ചു പറയുമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പത്രക്കുറിപ്പ് കൊടുത്താലും മതിയെന്ന് ഞാൻ പറഞ്ഞപ്പോൾ നേരിട്ട് തന്നെ വിശദീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പിന്നീട് ഒരു വിവരവുമില്ല. ഇതിനിടയിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചു. കോൺഗ്രസ് നേതൃത്വവുമായും ചർച്ചയ്ക്ക് ശ്രമിച്ചു. പി.കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളുമാണ് ഒപ്പമുണ്ടെന്ന് അറിയിച്ചത്.
പിണറായി വിജയനെ പുറത്താക്കാനാണ് താൻ രാജിവച്ചത്. അങ്ങനെ വരുമ്പോൾ അഭിപ്രായ വ്യത്യാസമില്ലാതെ ഒരുമിച്ച് നിന്ന് ഈ ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നാണ് കരുതിയത്. യുഡിഎഫ് അങ്ങനെ ചെയ്യുമെന്നാണ് കരുതിയത്. ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതൊന്നും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന കാര്യത്തിന് ഒരു തടസ്സമല്ല. അദ്ദേഹവുമായുള്ള വിഷയം വേറെയാണ്. അത് ഇവിടെ ചർച്ച ചെയ്യേണ്ടതില്ല. സ്ഥാനാർഥിയുടെ കാര്യത്തിൽ ഇനിയൊരു ചർച്ചയിലേക്ക് കടക്കുന്നില്ല. സ്ഥാനാർഥിയുടെ കുഴപ്പം കൊണ്ട് ഒരു വോട്ടു പോലും പോകരുത്. അൻവർ അധികപ്രസംഗിയാണെന്നാണ് ഇപ്പോൾ പറയുന്നത്. ഞാൻ എവിടെയാണ് അധികപ്രസംഗം നടത്തിയത്? ഷൗക്കത്തുമായി വ്യക്തിപരമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. അല്ലാതെ യുഡിഎഫ് ഒരു വടിയെ സ്ഥാനാർഥിയായി നിർത്തിയാൽ പോലും കുഴപ്പമില്ല.