
രോഗീ പരിചരണത്തിൽ പുതിയ അധ്യായം കുറിച്ച്, അതിനൂതന സംവിധാനങ്ങളോടുകൂടിയ എഐ ഇന്റഗ്രേറ്റഡ് സ്മാർട്ട് ആംബുലൻസ് സേവനത്തിന് തുടക്കമിട്ട് കിംസ്ഹെൽത്ത്. കേരളത്തിൽ ആദ്യമായാണ് എഐ ഇന്റഗ്രേറ്റഡ് സ്മാർട്ട് ആംബുലൻസ് സേവനം ആരംഭിക്കുന്നത്.
കിംസ്ഹെൽത്തിൽ നടന്ന ചടങ്ങിൽ കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള ആംബുലൻസ് ഉദ്ഘാടനം ചെയ്തു. കിംസ്ഹെൽത്തിന്റെ ഈ പുതിയ സംരംഭം അടിയന്തര വൈദ്യസഹായ രംഗത്ത് ഒരു പുതിയ മാതൃക സൃഷ്ടിക്കുമെന്നും, രോഗികൾക്ക് സമയബന്ധിതവും കാര്യക്ഷമവുമായ പരിചരണം ഉറപ്പാക്കുമെന്നും ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ഗോൾഡൻ അവറിൽ പരിചരണം മികച്ചതായാൽത്തന്നെ രോഗികളെ രക്ഷപ്പെടുത്താനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുള്ള സമയത്തെ പരിചരണം മികച്ചതാക്കി മാറ്റാൻ ഇത്തരമൊരു സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിംസ്ഹെൽത്ത് എമർജൻസി മെഡിസിൻ വിഭാഗം ക്ലിനിക്കൽ ഡയറക്ടർ ആൻഡ് കൺസൾട്ടന്റ് ഡോ. ഷെമീം കെ.യു ചടങ്ങിന് സ്വാഗതമാശംസിച്ചു. കിംസ്ഹെൽത്ത് മെഡിക്കൽ സൂപ്രന്റന്റും നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. പ്രവീൺ മുരളീധരൻ ചടങ്ങിന് ആശംസകളറിയിച്ച് സംസാരിച്ചു. എമർജൻസി മെഡിസിൻ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. ജെന്നിഫർ കബീർ നന്ദി പറഞ്ഞു.
5ജി കണക്ടിവിറ്റി, തത്സമയ ജിപിഎസ് ട്രാക്കിംഗ്, ഡ്രൈവർ വിസിബിലിറ്റി, എക്മോ/ ഇസിപിആർ സംവിധാനങ്ങൾ എന്നിവയാണ് ഈ ആംബുലൻസിന്റെ പ്രധാന സവിശേഷതകൾ. ഈ നൂതന ആംബുലൻസ് സേവനത്തിലൂടെ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആംബുലൻസിന്റെ നിലവിലെ സ്ഥാനം തത്സമയം മനസ്സിലാക്കാൻ സാധിക്കും. കൂടാതെ, എമർജൻസി ഫിസിഷ്യൻമാർക്ക് രോഗിയുടെ ആരോഗ്യവിവരങ്ങൾ തത്സമയം നിരീക്ഷിച്ച് കൃത്യമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകാനും ഇത് സഹായകമാകും.
അതിശക്തമായ 5ജി നെറ്റുവർക്ക് കണക്ടിവിറ്റിയിലൂടെ ആംബുലൻസിലെ ഹൈ ബാൻഡ്വിഡ്ത് വീഡിയോയും രോഗിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും തത്സമയം കിംസ്ഹെൽത്തിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ എത്തും. തത്സമയ ഇസിജി ട്രേസിംഗ്, പാരാമെഡിക്സുമായും ഓൺ-കോൾ എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റുകളുമായും തടസ്സമില്ലാത്ത ടു-വേ വീഡിയോ കൺസൾട്ടേഷനുകളും ഇതിലൂടെ സാധ്യമാകും.
ആംബുലൻസിനായി വിളിക്കുന്ന നിമിഷം മുതൽ രോഗികൾക്കോ അവരുടെ ബന്ധുക്കൾക്കോ ആംബുലൻസിന്റെ സ്ഥാനം യഥാസമയം ട്രാക്ക് ചെയ്യുന്നതിനായി ഒരു ട്രാക്കിംഗ് ലിങ്ക് ലഭിക്കും. ഇതിലൂടെ മാപ്പിൽ ആംബുലൻസിന്റെ കൃത്യമായ സ്ഥാനം, ഡ്രൈവറുടെ പേരും ചിത്രവും, വാഹനത്തിന്റെ നമ്പർ, വാഹനം എത്തിച്ചേരാൻ എടുക്കുന്ന സമയം എന്നിവയെല്ലാം അറിയാനാകും. പേഷ്യന്റ് പോർട്ടലിലൂടെ കുടുംബത്തിന് രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാവുകയും ചെയ്യും.
എമർജൻസി വിഭാഗത്തിന്റെ ഡാഷ്ബോർഡിൽ തത്സമയ ജിപിഎസ് വിവരങ്ങളും, വേഗതയും, ആംബുലൻസിന്റെ സ്ഥാനവും വ്യക്തമായി കാണാം. രോഗിയുടെ ഹൃദയമിടിപ്പ്, ഓക്സിജൻ സാച്ചുറേഷൻ, നോൺ-ഇൻവേസീവ് ബ്ലഡ് പ്രഷർ, എൻഡ് ടൈഡൽ CO2 തുടങ്ങിയ സുപ്രധാന വിവരങ്ങളും തത്സമയം എമർജൻസി വിഭാഗത്തിലെ സെൻട്രലൈസ്ഡ് മോണിറ്ററിൽ ദൃശ്യമാകും. നവീകരിച്ച ഈ ആംബുലൻസിൽ പോർട്ടബിൾ എക്മോ സിസ്റ്റം, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മെക്കാനിക്കൽ ചെസ്റ്റ് കംപ്രഷൻ ഉപകരണം എന്നിവ ആവശ്യാനുസരണം സജ്ജീകരിച്ചിരിക്കുന്നു. ഈ മെക്കാനിക്കൽ ചെസ്റ്റ് കംപ്രഷൻ സിസ്റ്റം സ്വയമേ തുടർച്ചയായ കംപ്രഷനുകൾ നൽകുന്നു.
തിരുവനന്തപുരം നഗരപരിധിയിൽ ഈ ആംബുലൻസ് സേവനം സൗജന്യമായിരിക്കും. സേവനങ്ങൾക്കായി 9633009616 എന്ന നമ്പരിൽ ബന്ധപ്പെടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]