
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച സംഭവം: പ്രതികൾ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഗളി ( പാലക്കാട്) ∙ വാഹനത്തിനു മാർഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂർ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളിൽനിന്നു പാൽ ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവർ. അഗളി ചിറ്റൂർ ഉന്നതിയിലെ സിജു (19) ആണു ക്രൂരമർദനത്തിന് ഇരയായത്. 24ന് ഉച്ചകഴിഞ്ഞു നാലോടെ ചിറ്റൂർ – പുലിയറ റോഡിൽ കട്ടേക്കാടാണു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാൽതെറ്റി വീണപ്പോൾ, മനഃപൂർവം വാഹനത്തിനു മുന്നിൽ വീണതാണെന്നു പറഞ്ഞ്, അതുവഴി വന്ന പിക്കപ് വാനിലെ 2 പേർ മർദിച്ചു എന്നാണു മൊഴി.
മർദനം സഹിക്കാനാവാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറു കൊണ്ടു പിക്കപ്പിന്റെ ചില്ലുപൊട്ടി. തുടർന്ന് വണ്ടിയിലുണ്ടായിരുന്നവർ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ടു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്. മർദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരുക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടർ മരുന്നു നൽകി പറഞ്ഞയച്ചു. അസ്വസ്ഥതകൾ കൂടുതലായതോടെ 26നു കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽവണ്ടി തടയുകയും കേടുവരുത്തുകയും ചെയ്തതായി ആദിവാസി യുവാവിനെതിരെ വാഹനത്തിന്റെ ഉടമ അഗളി പൊലീസിൽ പരാതി നൽകിയിരുന്നു.