
‘നിങ്ങളുടെ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചത്’: കമൽഹാസനെതിരെ കർണാടകയിൽ പ്രതിഷേധം; സംസ്കാരശൂന്യനെന്ന് ബിജെപി
ചെന്നൈ∙ തമിഴ് ചിത്രം ‘തഗ് ലൈഫിന്റെ’ റിലീസിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ നടൻ കമൽഹാസൻ നടത്തിയ പ്രസ്താവന വിവാദത്തിൽ. ‘കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചത്’ എന്ന ഉലനായകന്റെ വാക്കുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
‘എന്റെ ജീവിതവും എന്റെ കുടുംബവും തമിഴ് ഭാഷയാണ്’ എന്നർഥം വരുന്ന ‘ഉയിരേ ഉരവേ തമിഴെ’ എന്ന വാചകത്തോടെയാണ് പരിപാടിയിൽ കമൽഹാസൻ തന്റെ പ്രസംഗം ആരംഭിച്ചത്. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത കന്നഡ നടൻ ശിവരാജ്കുമാറിനെ പരാമർശിച്ചുകൊണ്ട്, ‘‘ഇത് ആ സ്ഥലത്തെ എന്റെ കുടുംബമാണ്.
അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ്കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ജീവിതം, ബന്ധം, തമിഴ് എന്നിവ പറഞ്ഞുകൊണ്ട് ഞാൻ പ്രസംഗം ആരംഭിച്ചത്.
നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ജനിച്ചത്, അതിനാൽ നിങ്ങളും അതിൽ ഉൾപ്പെടുന്നു’’ എന്ന് കമൽഹാസൻ പറഞ്ഞു.
ഇതിനെതിരെ കർണാടകയിൽ വ്യാപക വിമർശനം ഉയർന്നു. നടന്റെ പെരുമാറ്റം സംസ്കാരശൂന്യമാണെന്നും കന്നഡയെ അപമാനിച്ചതായും കർണാടക ബിജെപി അധ്യക്ഷൻ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു.
‘‘ഒരാൾ സ്വന്തം മാതൃഭാഷയെ സ്നേഹിക്കണം, പക്ഷേ അതിന്റെ പേരിൽ അനാദരവ് കാണിക്കുന്നത് സംസ്കാരമില്ലാത്ത പെരുമാറ്റമാണ്. പ്രത്യേകിച്ച് കലാകാരന്മാർക്ക് എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സംസ്കാരം ഉണ്ടായിരിക്കണം.
കന്നഡ ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടനായ കമൽഹാസൻ, തമിഴ് ഭാഷയെ മഹത്വവൽക്കരിക്കാനായി നടൻ ശിവരാജ്കുമാറിനെ ഉൾപ്പെടുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഉദാഹരണമാണ്.’’– വിജയേന്ദ്ര യെഡിയൂരപ്പ പറഞ്ഞു. കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള കമൽഹാസൻ, തന്റെ ‘നന്ദികെട്ട
വ്യക്തിത്വം’ വെളിപ്പെടുത്തി കന്നഡ ജനതയുടെ മാഹാത്മ്യം മറന്നുപോയെന്നും വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു. ‘‘ദക്ഷിണേന്ത്യയിൽ ഐക്യം കൊണ്ടുവരേണ്ട
കമൽഹാസൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിന്ദുമതത്തെ അപമാനിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവരികയാണ്. ഇപ്പോൾ, 6.5 കോടി കന്നഡിഗരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി കന്നഡയെ അപമാനിച്ചിരിക്കുന്നു.
കമൽഹാസൻ ഉടൻ തന്നെ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണം. ഏതു ഭാഷയാണ് ഏതു ഭാഷയ്ക്കു ജന്മം നൽകിയതെന്നു നിർവചിക്കാൻ കമൽഹാസൻ ഒരു ചരിത്രകാരനല്ല.’’– വിജയേന്ദ്ര യെഡിയൂരപ്പ കൂട്ടിച്ചേർത്തു.
കന്നഡ അനുകൂല സംഘടനകൾ കമൽഹാസനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റെ സിനിമ കർണാടകയിൽ നിരോധിക്കുമെന്ന് അവർ പറഞ്ഞു.
ബെംഗളൂരുവിൽ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ കീറുകയും ചെയ്തു. കമൽഹാസൻ നായകനായ തഗ് ലൈഫ് ജൂൺ 5ന് തിയേറ്ററുകളിൽ എത്തും.
സംവിധായകൻ മണിരത്നത്തിനൊപ്പം നാല് പതിറ്റാണ്ടുകൾക്കു ശേഷം കമൽഹാസൻ ഒന്നിക്കുന്ന ചിത്രമാണിത്. ‘നായകൻ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]