
എറണാകുളം: ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് പ്രഥമ പരിഗണന നൽകി കഴിഞ്ഞ നാലുവർഷംകൊണ്ട് മഹാരാജാസ് കോളേജിൽ സർക്കാർ വിവിധ വികസന പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മഹാരാജാസ് കോളേജ് ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോളേജിലെ ബോയ്സ് ഹോസ്റ്റൽ നിർമ്മാണത്തിന് പത്ത് കോടി, അക്കാദമിക് ബ്ലോക്ക് 9.4 കോടിയും, ലൈബ്രറി കോംപ്ലക്സിന് 12.21 കോടിയും, സിന്തറ്റിക് ട്രാക്ക് നിർമ്മാണത്തിന് 6.9 കോടിയുമാണ് അനുവദിച്ചത്. സംസ്ഥാനത്തെ മികച്ച പൈതൃക കോളേജുകളായി അഞ്ച് കലാലയങ്ങളെ തിരഞ്ഞെടുത്തതിൽ ഒന്നാം സ്ഥാനത്ത് മഹാരാജാസ് ഇടംപിടിച്ചു. ഇതിൻ്റെ ഭാഗമായാണ് 15.94 കോടി രൂപയുടെ അടിസ്ഥാനസൗകര്യ പ്രവർത്തനങ്ങൾ സാക്ഷാത്കരിക്കാൻ സാധിച്ചത്. ഓഡിറ്റോറിയം, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം, കെമിസ്ട്രി ബ്ലോക്ക് വികസനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായാണ് നിർവഹിച്ചത്. കൂടാതെ സിന്തറ്റിക് ഹോക്കി ടർഫിന് 9.51 കോടി രൂപയും ഈ കാലയളവിൽ അനുവദിച്ചിട്ടുണ്ട്.
വേറിട്ട വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് ഉദാത്തമായ മാനവിക മൂല്യങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും പതാക വാഹകരായി ചരിത്രത്തിന്റെ മുന്നിൽ നടന്ന കലാലയമാണ് മഹാരാജാസ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സമൂലവും സമഗ്രവുമായ മാറ്റത്തിലൂടെ മുന്നോട്ടു പോകുമ്പോൾ അതിന് ഊർജ്ജം പകരാൻ മഹാരാജാസിന്റെ കലാലയ സമൂഹവും മുന്നിലുണ്ടെന്ന് അഭിമാനകരമായ കാര്യമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാലുവർഷംകൊണ്ട് സർക്കാർ 6000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. 2000 കോടി രൂപ ക്യാമ്പസുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് വിനിയോഗിച്ചത്. കിഫ് ബി, റൂസാ, സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിച്ച് സൗകര്യപ്രദമായ സ്മാർട്ട് ക്ലാസ് റൂമുകൾ, ലാബ് കോംപ്ലക്സുകൾ, ആധുനിക ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ സർവകലാശാലകളിൽ ഒരുക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ച്, അക്കാദമിക ഗുണമേന്മ വർദ്ധിപ്പിച്ച് ഉന്നത വിദ്യാഭ്യാസം മേഖലയെ ഇൻറർനാഷണൽ ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൻ്റെ പുറത്തുനിന്ന് വിദ്യാർത്ഥികൾ ഇവിടേക്ക് കടന്നുവരണം. ഗവേഷണത്തിന് ഊന്നൽ നൽകി വിദ്യാർത്ഥി കേന്ദ്രീകൃതമായ സമീപനം മുൻനിർത്തിയാണ് നാലുവർഷത്തെ യുജി പ്രോഗ്രാം ആരംഭിച്ചത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി കൂടുതൽ തൊഴിൽ അവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]